Site icon Ente Koratty

ഗുജറാത്തില്‍ എം.എല്‍.എക്ക് കോവിഡ്, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ പരിശോധിക്കും

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്ന് കോവിഡ് പരിശോധനക്ക് വിധേയനാവും. കോവിഡ് 19 സ്ഥിരീകരിച്ച എം.എല്‍.എയുമായി കൂടികാഴ്ച്ച നടത്തിയ സാഹചര്യത്തിലാണ് പരിശോധന. കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഖെദാവാലക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെയാണ് ഇമ്രാന്‍ ഖെദവാലക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇമ്രാന്‍ ഖെദാവാലക്ക് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍, നിരവധി പ്രവർത്തകർ, ഇമ്രാന്‍ ഖെദവാലയുടെ മണ്ഡലത്തിലെ ജനങ്ങൾ, ഖെദവാലയുടെ ഡ്രൈവർ, ഖെദവാലയുടെ കുടുംബങ്ങൾ എന്നിവരുമായും ഇദ്ദേഹം അടുത്തിടപഴകിട്ടുണ്ട്. ഇദ്ദേഹത്തിന് ആരിൽ നിന്നുമാണ് രോഗം കിട്ടിയതിനെ കുറിച്ചും അനേഷിക്കുന്നുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ ഖെദാവാലയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഗുജറാത്തില്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ എംഎല്‍എയുടെ രോഗ നിര്‍ണ്ണയം മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 650 ആയി.

Exit mobile version