Site icon Ente Koratty

വീട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങൾ മുംബൈയിലെ ബസ് സ്‌റ്റാൻഡിൽ, ലാത്തിച്ചാർജുമായി പൊലീസും

വീട്ടിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുംബൈയിലെ ബസ് സ്റ്റാൻഡിൽ എത്തി. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ആണ് സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ആവശ്യമായ ഗതാഗതസംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ ബസ് സ്റ്റാൻഡിൽ എത്തിയത്.

https://twitter.com/AQUIBMIR7/status/1250059852480761859

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ മെയ് മൂന്നുവരെ നീട്ടിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ആയിരുന്നു സംഭവം.

ബാന്ദ്ര റെയിൽവേ സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റാൻഡിൽ വൈകുന്നേരം നാലുമണിയോടു കൂടിയാണ് ആളുകൾ കൂട്ടത്തോടെ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ആളുകളെ പിരിച്ചുവിടുന്നതിനു വേണ്ടി പൊലീസിനു ലാത്തിച്ചാർജ് നടത്തേണ്ടി വന്നു.

അതേസമയം, ലോക്ക്ഡൗൺ ഉത്തരവ് നിലനിൽക്കേ അത് ലംഘിച്ച് ഇത്രയധികം ആളുകൾ എങ്ങനെ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, സംസ്ഥാന അതിർത്തികൾ തുറക്കാൻ മോദി ഉത്തരവിട്ടെന്ന് കരുതി ആയിരിക്കണം ഇത്രയധികം കുടിയേറ്റ തൊഴിലാളികൾ ബാന്ദ്ര സ്റ്റേഷനിൽ ഒരുമിച്ച് കൂടിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. സംസ്ഥാന അതിർത്തികൾ തുറക്കില്ലെന്ന് പൊലീസ് അവരെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ ഭക്ഷണവും താമസവും ഉറപ്പു നൽകിയതിനെ തുടർന്ന് ജനക്കൂട്ടം പിരിഞ്ഞു പോയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സംസ്ഥാനത്തിന്റെ അതിർത്തികൾ അടഞ്ഞുതന്നെ കിടക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ദേശ്മുഖ് വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ക്യാംപുകളിലായി ആറുലക്ഷം കുടിയേറ്റ തൊഴിലാളികൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

Exit mobile version