മന്ത്രിസഭ രൂപീകരിക്കാത്ത മധ്യപ്രദേശിൽ കോവിഡിനെ നേരിടുന്നതിൽ പ്രതിസന്ധി. സംസ്ഥാനത്തെ പ്രതിരോധ നടപടികളുടെ ഏകോപനത്തിന് ആളില്ലാത്ത അവസ്ഥയാണ്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ 45 ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത് .
കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിക്കുകയാണ് മധ്യപ്രദേശിൽ. അപ്പോഴും സംസ്ഥാനത്ത് ആരോഗ്യമന്ത്രി ഇല്ല. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർ എല്ലാവരും രോഗബാധയെ തുടർന്ന് ചികിത്സയിൽ പ്രവേശിച്ചു. ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുടെ കാര്യവും സമാനമാണ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി പല്ലവി ജയിൻ ഗോവിൽ, ഹെൽത്ത് കോർപ്പറേഷൻ എംഡി ജെ വിജയകുമാർ, ആയുഷ് തലവൻ തുടങ്ങി 75 പേർ ചികിത്സയിലാണ്. 45ല്‍ അധികം ഐഎഎസ് ഉദ്യോഗസ്ഥരും രോഗം ബാധിച്ച് ചികിത്സയിൽ ഉണ്ട് .
പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉണ്ടായ രോഗബാധ മൂടി വെച്ചതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്ന് ആരോപണമുണ്ട്. കോൺഗ്രസ് സർക്കാരിനെ താഴെ ഇടാൻ ആയിരുന്നു ശിവരാജ് സിങ് ചൗഹാന് തിടുക്കമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ് എംഎൽഎമാർ ആവശ്യമുന്നയിച്ച് രാഷ്ട്രപതിക്ക് കത്തയച്ചു.