Site icon Ente Koratty

അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായം കൂടി വേണം: തോമസ് ഐസക്

സംസ്ഥാനങ്ങൾക്ക് അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായം കൂടി നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൌണ്‍ മെയ് 3 വരെ നീട്ടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തോമസ് ഐസകിന്‍റെ പ്രതികരണം.

ബന്ദവസാക്കപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും വെള്ളവുമെത്തിക്കണം. ഉപജീവനം ഉറപ്പു വരുത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാതി പണം മുൻകൂർ നൽകണം. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക് ഡൗൺ ഫലപ്രദമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇങ്ങനെ മുന്നോട്ടു പോകാനാവില്ല. വായ്പാ പരിധി കൂട്ടണം. ലോക്ക് ഡൌണ്‍ കൊണ്ടു മാത്രം കാര്യമില്ല. രാജ്യത്ത് കോവിഡ് പരിശോധന വ്യാപകമായി നടക്കുന്നില്ലെന്ന് തോമസ് ഐസക് വിമര്‍ശിച്ചു.

കാർഷികം, കുടിൽ വ്യവസായം, നിർമാണം, കയറ്റുമതി മേഖലകൾക്കാണ് സംസ്ഥാനം ഇളവുകൾക്ക് മുൻഗണന നൽകുന്നത്. സംസ്ഥാനത്ത് എന്തെല്ലാം ഇളവുകൾ വേണമെന്ന് നാളെ മന്ത്രിസഭ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version