മുംബൈ: മുംബൈയില്‍ മൂന്ന് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുണെയില്‍ ഒരു മലയാളി നഴ്സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവര്‍ പുണെയില്‍ റൂബി ഹാള്‍ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്. മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് പകരുന്നത് കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.
സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണജോലി ചെയ്യുന്നവര്‍ക്കും വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക ഉയരാന്‍ കാരണം.
നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയില് പണിയെടുക്കുന്നവരുമാണ്. കൊറോണ ബാധിച്ച നഴ്സുമാരില്‍ അമ്പതോളം പേര് കേരളത്തില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ആശുപത്രികളില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാര്‍ പറയുന്നു. പി.പി.ഇ. കിറ്റുകള്‍ കോവിഡ് വാര്‍ഡുകളില്‍ പ്രവര്ത്തിച്ചിരുന്നവര്ക്കു മാത്രമാണ് നല്‍കിയിരുന്നത്. സമ്പര്‍ക്ക വിലക്കില്‍ പോകേണ്ടിയിരുന്നവര്‍വരെ പിന്നീട് നിര്‍ബന്ധിതമായി രോഗീപരിചരണത്തിന് ഇറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നെന്ന് ഇവര്‍ ആരോപിക്കുന്നു.
നഴ്സുമാരില്‍ ഭൂരിഭാഗവും ഹോസ്റ്റലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും കൂട്ടമായി മുറികള്‍ പങ്കുവെച്ച് താമസിക്കുന്നവരാണ്. ഒരു മുറിയില്‍ത്തന്നെ എട്ടുമുതല്‍ പന്ത്രണ്ടുപേര്‍വരെ കഴിയുന്നുണ്ട്. ഇവരെ കൃത്യസമയത്ത് സമ്പര്‍ക്കവിലക്കില്‍ ആക്കിയില്ലെന്നും പരിശോധനകള്‍ യഥാസമയം നടത്തിയില്ലെന്നും ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ത്തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതും മുംബൈയിലാണ്. ഇന്ത്യയില്‍ ആദ്യം രോഗം കണ്ടെത്തിയ കേരളത്തില്‍ ഇതുവരെ ഒരു ഡോക്ടര്‍ക്കും മൂന്നു നഴ്സുമാര്‍ക്കും മാത്രമാണ് രോഗം പടര്‍ന്നത്. ഇതില്‍ ഡോക്ടര്‍ സ്പെയിനില്‍ പോയി വന്നതാണ്.
മഹാരാഷ്ട്രയില്‍ ഞായറാഴ്ച മാത്രം 221 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.