Site icon Ente Koratty

മുംബൈ താജ് ഹോട്ടലിലെ 6 ജീവനക്കാര്‍ക്ക് കോവിഡ് 19

മുംബൈ: മുംബൈയിലെ പ്രശസ്തമായ താജ് ഹോട്ടലിലെ ആറോളം ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് ഈ വിവരം പുറത്തു വിട്ടത്. താജ് ഹോട്ടൽ ശ്യംഖല നടത്തിപ്പുകാരായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും തങ്ങളുടെ ജീവനക്കാർ കോവിഡ് 19 പോസിറ്റീവ് ആയ കാര്യം സ്ഥിരീകരിച്ചെങ്കിലും എത്ര പേരാണ് രോഗബാധിതർ എന്ന വിവരം പുറത്തു വിട്ടിട്ടില്ല.

നിലവിൽ കൊറോണ രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാർ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകർക്കായി തുറന്നു കൊടുത്തിരിക്കുകയാണ് താജിന്റെ വിവിധ ഹോട്ടലുകൾ. താജ് പാലസിന് പുറമെ മുംബൈയുടെ വിവിധയിടങ്ങളിലായി ഇവർക്ക് ഹോട്ടലുകളുണ്ട്.

താജ് ഹോട്ടലിലെ ആറ് ജീവനക്കാർ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലാണ്. നില തൃപ്തികരമാണെന്നാണ് ഇവര്‍ ചികിത്സയിൽ കഴിയുന്ന ബോംബെ ഹോസ്പിറ്റലിലെ ഡോക്ടർ അറിയിച്ചത്. ജീവനക്കാർക്ക് യാതൊരുവിധ രോഗലക്ഷങ്ങളും ഇല്ലായിരുന്നുവെന്നാണ് താജ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി സമ്പർക്കം പുലർത്തിയെന്ന് സംശയിക്കുന്ന മറ്റ് ജീവനക്കാരെയും ക്വാറന്റൈൻ ചെയ്തതായും അധികൃതർ അറിയിച്ചു.

Exit mobile version