Site icon Ente Koratty

കോവിഡ് പ്രതിരോധം: കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ച് ഇന്ത്യ. ശനിയാഴ്ചയാണ് മെഡിക്കൽ ദ്രുത പ്രതികരണ സംഘത്തെ ഇന്ത്യ കുവൈത്തിലേക്ക് അയച്ചത്. കോവിഡ് പരിശോധന, ചികിത്സ തുടങ്ങിയ മേഖലകളില്‍ ഇവര്‍ കുവൈത്ത് ആരോഗ്യവകുപ്പിനെ സഹായിക്കും. കുവൈത്ത് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ 15 അംഗ സംഘത്തെ അയച്ചത്.

ഇന്ത്യന്‍ ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സംഘം കുവൈത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സംഘം കുവൈത്തിലെത്തിയത്. രണ്ടാഴ്ചയോളം ഇവര്‍ കുവൈത്തില്‍ സേവനത്തിലുണ്ടാവുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയുടെ റാപ്പിഡ് റെസ്പോൺസ് ടീം കുവൈത്തിൽ എത്തിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രിയും കുവൈത്ത് പ്രധാനമന്ത്രിയും ഫോണിലൂടെ ചര്‍ച്ച നടത്തുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കാനായി ഇതുപോലുള്ള നിരവധി വൈദ്യസംഘങ്ങളെ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്‌. സഹായം ആവശ്യമുള്ള സൗഹൃദരാഷ്ട്രങ്ങളിലേക്ക് ഈ സംഘങ്ങളെ അയച്ചുകൊണ്ട് പിന്തുണ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

കുവൈത്തിൽ ഇതുവരെ 1154 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 634 പേർ ഇന്ത്യക്കാരാണ്.

ഇന്ത്യ നേരത്തെ മെഡിക്കൽ സംഘത്തെ മാലിദ്വീപിലേക്ക് അയച്ചിരുന്നു, മറ്റൊരു സംഘത്തെ  നേപ്പാളിലേക്ക് അയയ്ക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

Exit mobile version