Site icon Ente Koratty

റിലയൻസ് പവർപ്ലാന്റിന്റെ ആഷ് ഡാം പൊട്ടി; വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയി

മധ്യപ്രദേശിലെ സിംഗ്‌റോളിയിൽ റിലയൻസ് പവർപ്ലാന്റിന്റെ മാലിന്യം സൂക്ഷിക്കുന്ന ‘ആഷ് ഡാം’ തകർന്ന് ചാരം പുറത്തേക്കൊഴുകി രണ്ടുപേർ മരിക്കുകയും നാലു പേരെ കാണാതാവുകയും ചെയ്തു. വീടിനകത്ത് ഇരുന്നവരാണ് കൽക്കരിചാരവും വെള്ളവും ചേർന്ന കുത്തൊഴുക്കിൽ ഒലിച്ചുപോയത്. സംഭവത്തിൽ ആയിരക്കണക്കിന് ഏക്കർ കൃഷി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച സിംഗ്‌റോളിയിലെ സസാൻ കൽക്കരി പ്ലാന്റിന്റെ ആഷ് ഡംപ് യാർഡിന്റെ വാൾ തകരുകയും സമീപത്തെ റിസർവോയറിൽ നിന്നുള്ള വെള്ളം ഇരച്ചുകയറുകയും ചെയ്യുകയായിരുന്നു.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ നിന്ന് 680 കിലോമീറ്റർ അകലെയുള്ള സിംഗ്‌റോളിയിലെ പ്ലാന്റിനെപ്പറ്റി പരാതി നിലനിൽക്കെയാണ് ദുരന്തം. റിസർവോയറിൽ നിന്നുള്ള വെള്ളം ചേർന്ന് ശക്തമായി പുറത്തേക്കൊഴുകിയ കൽക്കരിയുടെ ചാരത്തിൽ അമ്മയും മകനുമടക്കം ആറുപേർ ഒലിച്ചുപോയി. ഇതിൽ രണ്ടുപേർ മരിക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തു.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് മൂന്നാംതവണയാണ് ആഷ് യാർഡ് പൊട്ടി കുത്തിയൊലിച്ച് പുറത്തേക്കൊഴുകുന്നത്. റിലയൻസ് അധികൃതരുടെ കുറ്റകരമായ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്ന് സിംഗ്‌റോളി ജില്ലാ കളക്ടർ കെ.വി.എസ് ചൗധരി പറഞ്ഞു.

കഴിഞ്ഞവർഷം പവർ പ്ലാന്റിനെതിരെ പ്രദേശവാസികൾ സമരം നടത്തിയിരുന്നു. മൂന്നുമാസം മുമ്പ് പ്ലാന്റിൽ നിന്ന് ചാരം പുറത്തേക്കൊലിച്ചിരുന്നുവെന്നും പ്രതിഷേധത്തെ തുടർന്ന്, ഇനി അത്തരം വീഴ്ച ഉണ്ടാവില്ലെന്ന് കമ്പനി എഴുതി നൽകിയിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.


Exit mobile version