Site icon Ente Koratty

നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണമെന്ന് കേന്ദ്രമന്ത്രി; ലോക്ഡൗൺ നീട്ടിയേക്കും?

ന്യൂഡൽഹി∙ രാജ്യത്ത് ലോക്‌ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവര്‍ധൻ. ലോക്ഡൗൺ സാമൂഹിക പ്രതിരോധത്തിനുള്ള കുത്തിവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വർധന നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണം. സംസ്ഥാനങ്ങൾ ലോക്ഡൗൺ നൂറുശതമാനം ഫലപ്രദമായി നടപ്പാക്കണമെന്നും ഹർഷവർധൻ പറഞ്ഞു.

ഇക്കാര്യം ശ്രദ്ധിക്കാന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരോട് അഭ്യർഥിക്കുന്നു. ഇനിയും വളരെ പതുക്കെയാണു പോകുന്നതെങ്കിൽ കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ വിജയിക്കുന്നതു ക്ലേശകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു ശേഷമേ 14-നു ശേഷം ലോക്ഡൗണ്‍ തുടരുമോ എന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കുകയുള്ളു. മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. 

ലോക്ഡൗണ്‍ നീളാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സംസ്ഥാനാന്തര ഗതാഗതത്തിനു നിയന്ത്രണം തുടരും. അവശ്യ സര്‍വീസുകള്‍ക്കു മാത്രമായിരിക്കും ഇളവ്. സ്‌കൂളുകളും കോളജുകളും ആരാധനാലയങ്ങളും അടഞ്ഞു കിടക്കാന്‍ തന്നെയാണു സാധ്യത. 

ശക്തമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ വ്യവസായ, നിര്‍മാണ മേഖലകളില്‍ ഇളവിനു സാധ്യതയുണ്ട്. വിമാന സര്‍വീസുകള്‍ കര്‍ശന നിബന്ധനകളോട് പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എല്ലാ ക്ലാസുകളിലും നടുവിലത്തെ സീറ്റ് ഒഴിച്ചിട്ടായിരിക്കും സര്‍വീസ് അനുവദിക്കുക.

അതേസമയം സംസ്ഥാനത്തു സാമൂഹികവ്യാപനം ഉണ്ടായതായി പഞ്ചാബ് നിലപാടെടുത്തു. വിദേശയാത്രയോ, സമ്പർക്കമോ ഇല്ലാത്ത 27 പേർക്ക് കോവിഡ് ബാധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. പഞ്ചാബിൽ ലോക്‌ഡൗൺ നീട്ടുന്ന കാര്യത്തിലും ഇന്നു തീരുമാനമെടുക്കും. സെപ്റ്റംബർ മാസം പകുതിയോടെ കോവിഡ് കൂടുതൽ ശക്തിപ്രാപിക്കുമെന്നു പ്രതീക്ഷിക്കുന്നു. ജനസംഖ്യയുടെ 58 ശതമാനം പേരും രോഗബാധിതരാകുമെന്നാണ് മെഡിക്കൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version