കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ എന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച വൈകിട്ട് തീരുമാനം പ്രഖ്യാപിച്ചേക്കും. നേരത്തെ ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 14നാണ് അവസാനിക്കുന്നത്. നാളെ രാവിലെ വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നുണ്ട്. നിരവധി സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇതിനോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, സമ്പൂർണമായ അടച്ചിടൽ സാമ്പത്തിക മേഖലക്ക് വൻ തിരിച്ചടിയുണ്ടാക്കുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടിയാലും ചില ഇളവുകളോടെയായിരിക്കുമെന്നാണ് സൂചന. അവശ്യ സേവനങ്ങളൊഴികെ, അന്തർ സംസ്ഥാന ഗതാഗതത്തിന് നിരോധനമുണ്ടാകുമെന്നും ഉന്നത വൃത്തങ്ങൾ പറയുന്നു.
ഇതിനിടെ, ഒഡീഷ ലോക്ക് ഡൗൺ ഈ മാസം 30വരെ നീട്ടിയിരുന്നു. രാജ്യത്ത് ആദ്യമായി ലോക്ക് ഡൗൺ നീട്ടുന്ന സംസ്ഥാനം കൂടിയാണ് ഒഡീഷ. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ലോക്ക് ഡൗൺ ഘട്ടംഘട്ടമായി നീക്കണമെന്ന ആവശ്യമാണ് മഹാരാഷ്ട്രക്കുള്ളത്. അവശ്യ സർവീസുകൾക്കും പാചകവാതക വിതരണത്തിനുമുള്ള തടസ്സങ്ങളും ആദ്യഘട്ടത്തിൽ നീക്കണം. എന്നാൽ ട്രെയിൻ സർവീസുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവ ദീർഘനാളത്തേക്ക് അടച്ചിടണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു.
അവശ്യമെങ്കിൽ ലോക്ക് ഡൗൺ നീട്ടുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ പ്രതികരിച്ചത്. ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിക്കാൻ കഴിയില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കൊറോണ വൈറസും അതിനെ തുടർന്നുള്ള ലോക്ക്ഡൗണും കാരണം ഇന്ത്യൻ സമ്പദ് വ്യവസ്ഥ കനത്ത തിരിച്ചടിയാണ് നേരിടുന്നതെന്നാണ് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയത്.