അമേരിക്കയിലെ മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടവരുത്തിയതിനാൽ ഇന്ത്യയിൽ കടുവാ സങ്കേതങ്ങൾ അടച്ചിട്ടേക്കാൻ സാധ്യത. കൂടാതെ മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവയുടെ മരണത്തിലുണ്ടായ സംശയവുമാണ് കടുവാ സങ്കേതങ്ങളുടെ അടച്ചിടലിലേക്ക് നയിച്ചത്. പെഞ്ചിലെ കടുവ മരിച്ചത് ശ്വാസകോശ രോഗം മൂലമാണെന്നായിരുന്നു കണ്ടെത്തൽ. വനം മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ഇക്കാര്യം ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന.
ലോക്ക് ഡൗണിൽ അയവുണ്ടായാലും കടുവാ സങ്കേതങ്ങൾ തുറന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്ക് കർശന നിർദേശം നൽകി. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് ഉണ്ടായേക്കാവുന്ന വൈറസ് ബാധ തടയണമെന്നാണ് നിർദേശം. സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ തുടങ്ങിയവയിലെ മേധാവികൾക്കാണ് വനം മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചിരിക്കുന്നത്.
മനുഷ്യ സാമിപ്യം കുറയ്ക്കുകയാണ് ലക്ഷ്യം. അതിനായി വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ആളുകളുടെ സഞ്ചാരം തടയും. യാത്രാവഴികളും അടച്ചിടാൻ ആലോചിക്കുന്നുണ്ട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുകയാണെങ്കിൽ വൻതോതിൽ മൃഗങ്ങൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ട്. നിലവിൽ വന്യജീവി സങ്കേതങ്ങളിലേക്കുള്ള വിനോദസഞ്ചാരം ഉൾപ്പെടെ നിർത്തിവച്ചിരിക്കുകയാണ്.