ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ബരാമുള്ള ജില്ലയിലെ സോപോറിലെ അരംപോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സൈന്യവും, സിആര്‍പിഎഫും, പോലീസും വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഭീകരരെ വളഞ്ഞതായാണ് വിവരം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി സൈനികര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരംപോരയില് പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു സംയുക്ത സംഘം. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സുരക്ഷാ ഉദ്യോഗസ്ഥരും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഏകദേശം അഞ്ചോളം ഭീകരരെ സേന വളഞ്ഞിട്ടുണ്ടെന്നാണ് സൂചന.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ ഭീകരരുമയുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. തിങ്കളാഴ്ച ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനിടെ കുപ്വാരയില് ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഒന്‍പതോളം ഭീകരരെയും സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോപോറില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ത്യ അതിർത്തികളിൽ കൂടുതൽ സൈന്യത്തെ നിർത്തി നീരീക്ഷണം ശക്തിപ്പെടുത്തി. അടുപ്പിച്ചുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനിയും ആക്രമണങ്ങൾ പ്രേതിഷിക്കുന്നുണ്ട്.