Site icon Ente Koratty

‘കൊറോണ കുമാറും കൊറോണ കുമാരിയും’, നവജാതശിശുക്കൾക്ക് പേരിട്ടത് ഡോക്ടർ

ഹൈദരാബാദ്: ആഗോള തലത്തില്‍ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ മഹാമാരിയുടെ പിടിയിലാണ് ലോകം. വൈറസ് വ്യാപനം തടയാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പോരാട്ടം തുടരുകയാണ്. നിയന്ത്രണങ്ങൾ കര്‍ശനമാക്കിയും ലോക്ക് ഡൗൺ പ്രഖ്യാപിച്ചും രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ആശങ്കയുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ വാക്കുകൾ കൊറോണ എന്നും ലോക്ക് ഡൗൺ എന്നുമായിരിക്കും. അതുകൊണ്ട് തന്നെ പല സംസ്ഥാനങ്ങളിലും ഈ അടുത്ത കാലങ്ങളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പേരും ഒന്നുകിൽ കൊറോണ എന്നോ അല്ലെങ്കിൽ ലോക്ക് ഡൗണ്‍ എന്നോ ആണ്.

ആന്ധ്രാപ്രദേശിൽ നിന്നും സമാനമായ ഒരു പേരിടൽ വാർത്തയാണ് ഇപ്പോൾ വരുന്നത്. എന്നാൽ ഇത്തവണ പേരിന് കുറച്ച് വ്യത്യസ്തതയുണ്ട്. കഡപ്പയിലെ വെമ്പള്ളി ഗ്രാമത്തിൽ ജനിച്ച രണ്ട് കുട്ടികൾക്ക് നൽകിയ പേര് കൊറോണ കുമാർ എന്നും കൊറോണ കുമാരി എന്നുമാണ്.

ഇവിടെ എസ്എഫ് ബാഷ ആശുപത്രിയിൽ സിസേറിയനിലൂടെ ജനിച്ച കുട്ടികൾക്ക് അവരെ പുറത്തെടുത്ത ഡോക്ടർ തന്നെയാണ് ഈ പേര് നിർദേശിച്ചത്. ‘എല്ലാവരും ഇപ്പോൾ കൊറോണ വൈറസിനെ കുറിച്ചാണ് സംസാരിക്കുന്നത്. അപ്പോൾ ഇക്കാര്യത്തിൽ ഒരു അവബോധം സൃഷ്ടിക്കണമെന്ന് തോന്നി. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളുടെയും മാതാപിതാക്കളുമായി സംസാരിച്ചു. അവരുടെ കൂടെ സമ്മതത്തോടെയാണ് കുഞ്ഞുങ്ങൾക്ക് ഈ പേര് നൽകിയത്’.. ഡോക്ടറായ ഷെയ്ഖ് ഫകൈർ ബാഷ പറഞ്ഞു.

Exit mobile version