Site icon Ente Koratty

ഏപ്രിൽ 15 ന് ശേഷം; ഗ്രീൻ, യെല്ലോ, റെഡ്.. 3 സോണുകൾ..3 നിർദ്ദേശങ്ങളുമായി 11 അംഗ കമ്മിറ്റി

ദില്ലി; കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 25 നാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇനി ലോക്ക് ഡൗൺ അവസാനിക്കാൻ വെറും 7 ദിവസം മാത്രമാണ് ബാക്കി. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കയേറ്റിട്ടുണ്ട്. കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണ് ഇന്ത്യയെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. രാജ്യത്ത് ചിലയിടങ്ങളിൽ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന ആശങ്ക ആരോഗ്യ വിദഗ്ദരും പങ്കുവെയ്ക്കുന്നു.

ഈ സാഹചര്യത്തിൽ ലിഫ്റ്റ് ഡൗൺ ഉയർത്തണമെന്ന അഭ്യർത്ഥനയാണ് സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തോട് നടത്തിയിരിക്കുന്നത്. അതേസമയം ലോക്ക് ഡൗൺ സംബന്ധിച്ച് തിരുമാനം കൈക്കൊള്ളാൻ നിയോഗിച്ച കമ്മിറ്റി 3 നിർദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

മൂന്നാം ഘട്ടത്തിലേക്ക് കടക്കാതിരിക്കാൻ
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. വരുന്ന ആഴ്ചകൾ നിർണായകമാണെന്ന ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൊവിഡിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങളിലാണ് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി പറഞ്ഞു.

ലോക്ക് ഡൗൺ നീട്ടണമെന്ന്
ഏപ്രിൽ 15 ന് ശേഷം രണ്ടാം ഘട്ട ലോക്ക് ഡൗൺ നടപ്പാക്കേണ്ടതുണ്ടോയെന്ന നിലയിലാണ് ചർച്ചകൾ ഉയരുന്നത്. കഴിഞ്ഞ ദിവസം തെലങ്കാന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ലോക്ക് ഡൗൺ നീട്ടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഛത്തീസ്ഗഡും ആവശ്യപ്പെട്ടിരുന്നു.

മോദിയുടെ നിർദ്ദേശം
അതിനിടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിർന്ന ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രിമാരുമായും ലോക്ക് ഡൗൺ സംബന്ധിച്ച് ചർച്ച നടത്തി. സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കണം. അതുകൊണ്ട് തന്നെ ലോക്ക് ഡൗണിന് പിന്നാലെ ശ്രദ്ധ ചെലുത്തേണ്ട പത്ത് മുൻഗണന മേഖലകളും പത്ത് നിർണായ തിരുമാനങ്ങളും സംബന്ധിച്ച പട്ടിക തയ്യാറാക്കാൻ മോദി മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.

3 നിർദ്ദേശങ്ങൾ
അതേസമയം ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ രൂപീകരിച്ച 11 അംഗ സംഘം നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുകളയണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ബല്ലയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ പ്രധാനമായും മൂന്ന് നിർദ്ദേശങ്ങളാണ് ഉയർന്നത്.

മൂന്ന് സോൺ
രാജ്യത്തെ മൂന്ന് സോണുകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കണമെന്നതാണ് ഒരു നിർദ്ദേശം. രോഗത്തിന്റേയും വ്യാപനത്തിന്റേയും തീവ്രത അനുസരിച്ച് പ്രദേശങ്ങളെ ഗ്രീൻ, യെല്ലോ , റെഡ് എന്നിങ്ങനെ സോണുകളാക്കി തിരിക്കും. ഏറ്റവും സുരക്ഷിതമായ ഇടങ്ങൾ ഗ്രീൻ സോണിന് കീഴിൽ വരും.

റെഡ് സോൺ
ഗ്രീൻ സോണിൽ ഭൂരിഭാഗം സേവനങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കാം.രണ്ടാം തലത്തിൽ നിൽക്കുന്നതാണ് യെല്ലോ സോൺ. ഇവിടെ ചെറിയ തോതിലുള്ള നിയന്ത്രണങ്ങൾ തുടരണം. ഹോട്ട് സ്പോട്ട് എന്നറിയപ്പെടുന്നതാണ് റെഡ് സോൺ. ഇവിടെ കർശനമായ നിയന്ത്രണങ്ങൾ തുടരണമെന്നാണ് നിർദ്ദേശം.

62 ജില്ലകൾ
ഇത്തരത്തിലുള്ള 62 ജില്ലകളിൽ കണ്ടെത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കേരളത്തിലെ ഏഴ് ജില്ലകൾ ഹോട്ട് സ്പോട്ട് ആയിട്ടാണ് കണക്കാക്കുന്നത്. ഇവിടെ കൊവിഡ് ബാധിത മേഖലകൾ പൂർണമായും അടച്ച് കൊണ്ടുള്ള നിയന്ത്രണങ്ങൾ തുടരണമന്നാണ് നിർദ്ദേശം.

കുടിയേറ്റ തൊഴിലാളികൾ
രണ്ടാമത്തെ നിർദ്ദേശം കുടിയേറ്റ തൊഴിലാളികളെ തങ്ങളുടെ സ്വദേശത്തേക്ക് എത്തിക്കുകയെന്നുള്ളതാണ്. ലോക്ക് ഡൗണിനെ തുർന്ന് കടുത്ത പ്രതിസന്ധിയാണ് ഇവർ നേരിടുന്നത്. നിയന്ത്രണങ്ങൾക്കിടെ ജോലിയും ഭക്ഷണവും ഇല്ലാതായതോടെ പലരും ജൻമനാട്ടിലേക്ക് പലായനം ചെയ്തത് കടുത്ത ആശങ്കയ്ക്ക് വഴിവെച്ചിരുന്നു.

ട്രെയിനിൽ എത്തിക്കണം
ഈ സാഹചര്യത്തിലാണ് ഇവരെ നാടുകളിൽ എത്തിക്കാനുള്ള നിർദ്ദേശം ഉയർന്നിരിക്കുന്നത്. ഇവരെ പ്രത്യേകം ട്രെയിനിൽ കർശന നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് രോഗം ബാധയില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി സ്വന്തം നാട്ടിൽ എത്തിക്കുകയെന്നതാണ് നിർദ്ദേശം.

വിമാന സർവ്വീസുകൾ
ആഭ്യന്തര വിമാന സർവ്വീസുകളും ചെറിയ രീതിയിൽ അനുവദിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്നുള്ള എല്ലാ സർവ്വീസുകൾക്കും നിയന്ത്രണം തുടരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

മൂന്ന് ദിവസത്തിനകം
ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നിശ്ചിത ഇടവേളകളിൽ തുറന്ന് പ്രവർത്തിക്കാം. ഒരു പ്രദേശത്തെ നിശ്ചിത എണ്ണം ഷോപ്പുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന തരത്തിലത്തിലേക്ക് ക്രമീകരിക്കും. മറ്റ് കടകളിലെ തിരക്ക് ഒഴിാക്കാൻ ഇത് സഹായകമാകുമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ചുള്ള അന്തിമ തിരുമാനം മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Exit mobile version