Site icon Ente Koratty

ലോക്ക്ഡൗണ്‍ നീട്ടണമെന്ന അഭ്യര്‍ത്ഥനയുമായി തെലങ്കാന മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ഥിച്ചതായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. ആദ്യം രക്ഷിക്കേണ്ടത് ജനങ്ങളുടെ ജീവനാണ്. സാമ്പത്തിക രംഗത്തെ പിന്നീട് പടുത്തുയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ഏപ്രില്‍ 15 ന് ശേഷവും ലോക് ഡൗണ്‍ തുടരണം എന്നാണ് എന്റെ അഭിപ്രായം. കാരണം, നമുക്ക് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും പിന്നീടും കരകയറാന്‍ കഴിയും. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്റെ കാര്യം അങ്ങനെയല്ല”- റാവു മാധ്യമങ്ങളോട് പറഞ്ഞു. ലോക്ക്ഡൗണ്‍ തുടരണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആരോഗ്യമേഖലയിലുള്ള അപര്യാപ്തതകള്‍ക്കിടയില്‍ കോവിഡിനെ നേരിടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു

”എല്ലാവരുമായും കൂടിയാലോചിക്കുക, എല്ലാ മുഖ്യമന്ത്രിമാരോടും കൂടിക്കാഴ്ച നടത്തുക. വീഡിയോ കോണ്‍ഫറന്‍സ് നടത്തുക, എന്നാല്‍ തീരുമാനം വിവേകപൂര്‍ണമായി എടുക്കുന്നതാവണം. കാരണം, ഈ ഭയാനകമായ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ മറ്റൊരു ആയുധവുമില്ല”, അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.

കോവിഡ് 19 ഒരു ആഗോള പ്രതിസന്ധിയാണെന്ന് പറഞ്ഞ റാവു ലോകത്തെ 22 രാജ്യങ്ങള്‍ നൂറ് ശതമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് നല്ല തീരുമാനമായിരുന്നു. അതിനാല്‍ നമുക്ക് പ്രതീക്ഷയോടെ ഇരിക്കാന്‍ കഴിഞ്ഞു. ജൂണ്‍ മൂന്ന് വരെ ലോക്ക്ഡൗണ്‍ തുടരണമെന്നാണ് ബിസിജി സര്‍വേ പറയുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ എട്ടുദിവസം കൂടി ബാക്കിയുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരോട് ആരാഞ്ഞിരുന്നു.

Exit mobile version