Site icon Ente Koratty

മുംബൈയിൽ നഴ്‌സുമാർക്ക്‌ കൂട്ടത്തോടെ കോവിഡ്‌ബാധ; മഹാരാഷ്‌ട്രയിൽ സ്‌ഥിതി ഗുരുതരം

മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള നഴ്സുമാർക്കും ഡോക്ടർമാർക്കുമാണ് രോഗം കണ്ടെത്തിയത്. 40 നഴ്സുമാർക്കും മൂന്ന് ഡോക്ടർമാർക്കുമാണ് രോഗം . ഇവിടെയുള്ള 200 പേരുടെ സാമ്പിളുകൾ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെയും ഫലം കാത്തിരിക്കുകയാണ്.

മൂന്ന് പേര് കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ മരിച്ചിരുന്നു. . ഇവരിൽ നിന്നാകാം നഴ്‌സുമാരിലേക്ക്‌ രോഗം പകർന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇവരെ കൂടാതെ വിദേശികളടക്കമുള്ള  15 കോവിഡ്‌ രോഗികൾ ഇവിടെ ചികിത്സയിലുണ്ട്‌.


രോഗബാധിതരായ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തൽക്കാലം ആശുപത്രിയിൽത്തന്നെ ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്ൻമെന്‍റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചു.  ആശുപത്രിയ്ക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുഗാരുള്ളതിൽ 200 പേരും മലയാളികളാണ്‌.

ആശുപത്രിയിലെ  7 നഴ്‌സുമാർക്ക്‌ നേരത്തെ രോഗബാധയുണ്ടായിരുന്നതായും എന്നാൽ അധികൃതർ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതുമാണ്‌ രോഗവ്യാപനത്തിന്‌ ഇടയാക്കിയതെന്ന്‌ പറയുന്നു.

അതേസമയം കേവിഡ്‌ ബാധ മഹാരാഷ്ട്രയിൽ  അതീവഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി.

Exit mobile version