അന്യസംസ്ഥാന തൊഴിലാളികൾ വീടുവിട്ടിറങ്ങി സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നത് തടയുന്നതോ, അവർക്ക് ഭക്ഷണം വെള്ളം ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കുന്നതോ അല്ല ഇന്ന് രാംപൂർ ജില്ലാ ഭരണകൂടത്തിന് തലവേദയാകുന്നത്. അവശ്യ സേവനങ്ങൾക്കായി സമീപിക്കേണ്ട കൊവിഡ് ഹെൽപ്പ്ലൈനിൽ വിളിച്ച് പീസ മുതൽ ബർഗർ വരെ ആവശ്യപ്പെടുകയാണ് പൊതുജനം.
കഴിഞ്ഞ ദിവസം രാംപൂർ സ്വദേശിയായ യുവാവ് ഹെൽപ്പ്ലൈനിൽ വിളിച്ച് ആവശ്യപ്പെട്ടത് നാല് സമൂസയാണ്. രാംപൂർ ജില്ലാ മജിസ്ട്രേറ്റ് അജനി കുമാർ സിംഗ് നേരിട്ടെത്തി ഈ വ്യക്തിക്ക് സമൂസ നൽകിയെന്ന് മാത്രമല്ല, ഇത്തരം നിസാര കാര്യങ്ങൾക്ക് വിളിച്ച ഇയാൾക്ക് പിഴയും ശിക്ഷയും നൽകി. പ്രദേശത്തെ മുഴുവൻ ഓടയും ഇയാളെ കൊണ്ട് വൃത്തിയാക്കിച്ചു.
ഇത്തരം അനാവശ്യ ഫോൺകോളുകൾക്ക് ഉത്തരം നൽകി തങ്ങളുടെ സമയത്തിന്റെ നല്ലൊരു പാതിയും പാഴായി പോവുകയാണെന്ന് അജനി കുമാർ സിംഗ് പറഞ്ഞു. എന്നാൽ ചിലപ്പോഴെങ്കിലും കാര്യമായ ആവശ്യവുമായി പൊതുജനം സമീപിക്കാറുണ്ട്. ഒരിക്കൽ ഗർഭിണിയായ ഒരു യുവതി സുഖമില്ലാത്തതിനാൽ വീട്ടിൽ പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് പുറത്തേക്ക് പോകുന്നത് സുരക്ഷിതമല്ലാത്തതിനാൽ യുവതിയോട് വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. യുവതിക്ക് എന്നും പാക ചെയ്ത ഭക്ഷണം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.