Site icon Ente Koratty

കർണാടകയ്ക് തിരിച്ചടി; ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി

കേരള-കര്‍ണാടക അതിര്‍ത്തി അടച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതിയുടെ വിധിക്ക് സ്റ്റേ വേണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി തള്ളി.

കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഇന്നലെ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിധി സ്റ്റേ ചെയ്യാനാവില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ആരെയൊക്കെ കടത്തിവിടണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഹൈക്കോടതി കര്‍ണാടകയുടെ നീക്കത്തെ വിമര്‍ശിച്ചിരുന്നു. മനുഷ്യാവകാശം ഹനിക്കപ്പെടുമ്പോള്‍ കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

കണ്ണൂരിന്റെയും വയനാടിന്റെയും അതിര്‍ത്തികള്‍ തുറക്കാമെന്നും കാസര്‍കോട് അതിര്‍ത്തി തുറക്കാനാവില്ലെന്നും നേരത്തെ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കാസര്‍കോട് അതിര്‍ത്തിയും തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കാസര്‍കോട് അതിര്‍ത്തി കര്‍ണാടക അടച്ചതോടെ ചികിത്സ കിട്ടാതെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിച്ചിരുന്നത് മംഗളൂരുവിലെ ആശുപത്രികളായിരുന്നു.

Exit mobile version