Site icon Ente Koratty

5ന് രാത്രി 9ന് വൈദ്യുതിയണച്ച് ടോര്‍ച്ചോ മൊബൈല്‍ വെളിച്ചമോ പ്രകാശിപ്പിക്കണം: പ്രധാനമന്ത്രി

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണക്കണം. ടോര്‍ച്ചോ മൊബൈല്‍ ഫ്ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യ അകലമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മരുന്ന്. ലോക് ഡൗണിലൂടെ മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന മാതൃക രാജ്യം സൃഷ്ടിച്ചെന്നും മോദി പറഞ്ഞു.

കൊറോണയുടെ അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. റോഡുകളില്‍ ആരും ഒത്തുകൂടരുതെന്നും കൊറോണ വൈറസിനെ തകര്‍ക്കാനുള്ള ഏക മാര്‍ഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക്ക്ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചു. രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമാകുന്നു. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version