മുംബൈ ∙ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 24 മണിക്കൂറിനിടെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് 56കാരൻ ബുധനാഴ്ച മരിച്ചിരുന്നു. ശുചീകരണ തൊഴിലാളിയായ 54കാരന്റെ പരിശോധന ഫലം പോസിറ്റീവ് ആയതോടെ ധാരാവിയുമായി ബന്ധപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം രണ്ടായി. വർളിയിലാണു താമസമെങ്കിലും ധാരാവിയിലെ മഹിം ഫത്തക് റോഡിലാണ് ഇയാൾ ജോലിക്കു പോയിരുന്നത്.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷന്റെ (ബിഎംസി) സോളിഡ് വേസ്റ്റ് മാനേജ്മെന്റിലെ ശുചീകരണ തൊഴിലാളിക്കാണ് ഇപ്പോൾ രോഗം കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് രോഗലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നു സെവൻ ഹിൽസ് ആശുപത്രിയിൽ ക്വാറന്റീനിലായിരുന്നു. വ്യാഴാഴ്ചയാണു പരിശോധനാഫലം വന്നത്. കോവിഡിനെ തുടർന്നു ബുധനാഴ്ച മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം ഏഴായി; ആകെ മരണസംഖ്യ 17.
ധാരാവി ബലിഗാനഗർ എസ്ആർഎ സൊസൈറ്റി മേഖലയിൽ താമസിച്ചിരുന്നയാളാണ് രാത്രി മുംബൈ സയൺ സർക്കാർ ആശുപത്രിയില്‍ മരിച്ചത്. പനിയും തൊണ്ടവേദനയുമായി മാർച്ച് 23ന് വീടിനടുത്ത് ഡോക്ടറെ കണ്ടിരുന്നു. 26ന് വീണ്ടും ചികിൽസ തേടി ചെന്നപ്പോൾ സയൺ ആശുപത്രിയിലേക്ക് നിർദേശിച്ചു. അവിടെ ചികിൽസയിലിരിക്കെയാണു സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. കോവിഡ് സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നു മണിക്കൂറുകൾക്കകമായിരുന്നു മരണം.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടൻ ധാരാവിയിലെ ഇദ്ദേഹത്തിന്റെ താമസമേഖല മുംബൈ കോർപറേഷൻ അധികൃതര്‍ സീല്‍ ചെയ്തു. 300 വീടുകളും നൂറോളം ചെറുകടകളും ഉള്ള പ്രദേശമാണിത്. ഏഴു കുടുംബാംഗങ്ങളെ ക്വാറന്റീൻ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു. ജനം തിങ്ങിപ്പാർക്കുന്ന ചേരിമേഖലയായതിനാൽ ധാരാവിയിലെ കോവിഡ് ബാധയും മരണവും വലിയ ആശങ്കയാണ് മുംബൈയിൽ വിതച്ചിരിക്കുന്നത്. 10 ലക്ഷത്തിലേറെയാണ് ധാരാവിയിലെ ജനസംഖ്യ.