കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേനം നടന്നതില്‍ പൊലീസിന്റേയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും വീഴ്ചകള്‍ ഉണ്ടായി എന്ന വിമര്‍ശശനം ശക്തമാണ്. വിദേശത്ത് നിന്ന് എത്തിയ 824 പേര് മര്‍കസ് സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാരിനെ മാര്‍ച്ച് 21 ന് അറിയിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇവരെ യഥാസമയം കണ്ടെത്താനോ ക്വാറന്റൈന് ചെയ്യാനോ ദില്ലി പൊലീസിന് സാധിച്ചില്ല. വിവരം അറിയിച്ച് 10 ദിവസം കഴിഞ്ഞതിന് ശേഷമാണ് സമ്മേളനത്തിന്റെ സംഘാടകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം തയ്യാറായത്. ഇത്തരത്തില്‍ ഒരു വശത്ത് അധികൃതര്‍ക്കെതിരെ വിമര്‍ശനം ശക്തമാവുന്നതിനോടൊപ്പം തന്നെ മറുവശത്ത് തബ്ലീഗ് ജമാഅത്ത് സംഘാടകരും ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്നതിന്റെ തെളിവുകള്‍ പുറത്തു വരുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
മുന്നറിയിപ്പുകള്‍ പാലിക്കരുത്
നിസാമുദ്ദീനിലെ മർക്കസ് തലവനായ മൗലാന മുഹമ്മദ് സാദ് കന്ധാൽവിയുടേതാണ് പുറത്തു വന്ന ശബ്ദരേഖയാണ് പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അധികൃതരോ സര്‍ക്കാരോ നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കരുതെന്ന് മുഹമ്മദ് സാദ് അനുയായികളോട് പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാമെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിലും നല്ലൊരു സ്ഥലമില്ല
“നിങ്ങൾ ഒരു മസ്ജിദിൽ ഒത്തുകൂടിയാൽ നിങ്ങൾ മരിക്കുമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഞാൻ നിങ്ങളോട് പറയട്ടെ, മരിക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ല”- എന്നാണ് സാദ് അനുയായികളോടായി പറയുന്നത്. ഇദ്ദേഹം ഈ പ്രസംഗം നടത്തുമ്പോഴും ആയിരക്കണക്കിന് അനുയായികള്‍ തബ്ലീഗി ജമാഅത്തിലെ നിസാമുദ്ദീൻ മർകസിനുള്ളിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നത്.
രോഗം നല്‍കിയത് ദൈവമാണ്
ഡോക്ടർ പറയുന്നതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥനകൾ നിര്‍ത്തുകയോ, ആളുകളെ കണ്ടുമുട്ടുന്നത് ഒഴിവാക്കാനോ ഉള്ള സമയമല്ലിത്. നമുക്ക് ഈ രോഗം നല്‍കിയത് ദൈവമാണ്. അതിനാൽത്തന്നെ ഒരു ഡോക്ടർമാർക്കോ മരുന്നിനോ നമ്മളെ ഇതില്‍ നിന്നും രക്ഷിക്കാനാവില്ല. എല്ലാവരും പരസ്പരം കണ്ടുകഴിഞ്ഞാലോ ഇടപഴകിക്കഴിഞ്ഞാലോ അസുഖം പടരുമെന്ന പ്രചരണം നിങ്ങളെന്തിന് വിശ്വസിക്കുന്നുുവെന്ന് മൗലാന സാദ് ചോദിക്കുന്നു.
അന്വേഷണം ആരംഭിച്ചു
ഓഡിയോ പുറത്ത് വന്നതോടെ സംഭവത്തില്‍ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഇദ്ദേഹത്തെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൈലാന സാദിന് പുറമെ സീഷാൻ, മുഫ്തി ഷെഹ്സാദ്, എം സൈഫി യൂനുസ്, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്റഫ് എന്നിവർക്കെതിരെ പകര്‍ച്ച വ്യാധി ആക്ട് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അടച്ചു പൂട്ടി
അതേസമയം, നിസാമുദ്ദിനിലെ മര്‍കസ് ബുധനാഴ്ച അധികൃതര്‍ എത്തി അടച്ചു പൂട്ടി. ഇവിടെ നിരീക്ഷണത്തില്‍ വെച്ചിരുന്ന മുന്നൂറോളം പേരെ ഒഴിപ്പിക്കുകയും മര്‍ക്കസ് പള്ളി അണുമുക്തമാക്കുകയും ചെയ്തു. ഒന്നര ദിവസം കൊണ്ട് 2361 പേരെയാണ് പള്ളിയില്‍ നിന്ന് ഒഴിപ്പിച്ചതെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അവരില്‍ 617 പേരെ ആശുപത്രികളിലും ബാക്കിയുള്ളവരെ പ്രത്യേക കേന്ദ്രത്തിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
വിമര്‍ശനത്തിന് മറുപടി
മര്‍കസിലുള്ളവരെ ഒഴിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന വിമര്‍ശനത്തിന് മറുപടിയായി ദില്ലി പോലീസ് ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. സാമുദ്ദീൻ സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ മാർച്ച് 23-ന് മർക്കസിലുള്ളവരോട് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളായിരുന്നു ദില്ലി പോലീസ് പുറത്തു വിട്ടത്.