ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 128 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പരിപാടിയിൽ പങ്കെടുത്തു മടങ്ങിയ എല്ലാവരെയും കണ്ടെത്തണമെന്ന് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി.
മാർച്ച് ഒന്നിനും 15നും ഇടയിൽ 8000 പേരാണ് തബ്ലീഗ് കേന്ദ്രത്തിലെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കെെമാറി. 2137 പേരെയാണ് ഇതുവരെ കണ്ടെത്തിയത്.
അതിനിടെ, തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ നാട്ടിലെത്തിയ എട്ടു പേർ നിരീക്ഷണത്തിലാണ്. മൂന്ന് പേർ തിരിച്ചെത്തിയിട്ടില്ല. പാലക്കാട് നിന്ന് പത്ത് പേർ പങ്കെടുത്തതായാണ് വിവരം. ഇതിൽ തിരികെ നാട്ടിലെത്തിയ രണ്ടു പേർ ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിലാണ്. എട്ടു പേർ ഡൽഹിയിലാണുള്ളത്.
മലേഷ്യ, ഇന്തോനേഷ്യ, നേപ്പാൾ, ജിബൂട്ടി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത തമിഴ്നാട്ടിൽ നിന്നുള്ള 80 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
പുതുച്ചേരിയിലും രണ്ടു പേർക്ക് കോവിഡ് ബാധയെറ്റിട്ടുണ്ട്. രണ്ട് പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 124 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.