Site icon Ente Koratty

നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടികയായി

ഡല്‍ഹി നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക ജില്ലാ കളക്ടര്‍മാര്‍ മുഖേന കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇവരെ കണ്ടെത്താന്‍ പൊലീസ് വിശദമായ പരിശോധന നടത്തിയെന്നും പട്ടികയുടെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ്‌ ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ കേരളത്തിലെ ഏഴ് ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുത്തിരുന്നതായാണ് കണ്ടെത്തല്‍. ഇതില്‍ നാല്‍പ്പത്തഞ്ചോളം പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. പത്തനംതിട്ട ജില്ലയില്‍നിന്ന് മാത്രം 14 പേരാണ് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത്.

ചടങ്ങില്‍ പങ്കെടുത്ത രാജ്യത്തെ വിവിധഭാഗങ്ങളില്‍നിന്നുള്ള 1800 ഓളം പേരെ തിരിച്ചറിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. നിസാമുദ്ദീനിലെ മതസമ്മേളനവുമായി ബന്ധപ്പെട്ട മുന്നൂറോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഏഴുപേര്‍ മരണപ്പെട്ടിരുന്നു.

Exit mobile version