Site icon Ente Koratty

മലയാളി ഡോക്ടറുടെ 10 മാസമുള്ള കുഞ്ഞിനും കോവിഡ്

തമിഴ്നാട്ടില്‍ കോവി‍ഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂർ ഇഎസ്‌ഐ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലായിരുന്ന 96 പേരുടെ രോഗം മാറി. സമ്പൂര്‍ണ ലോക്ഡൗണിനിടെ ഡല്‍ഹിയില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള പലായനം കുറഞ്ഞു. അതിര്‍ത്തിയിലെത്തിയവരെ പൊലീസ് തിരിച്ചയച്ചു.

ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് കാല്‍നടയായി യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോവിഡ് മൂലം ശ്രീനഗറില്‍ 67കാരനും അഹമ്മദാബാദില്‍ 45കാരനും മുംബൈയില്‍ 40കാരിയുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ശ്രീനഗറില്‍ രണ്ടും ഗുജറാത്തില്‍ അഞ്ചും മുംബൈയില്‍ ഏഴും മരണങ്ങളായി. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന സ്പൈസ് ജെറ്റിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് ഇയാള്‍ അവസാനം പറത്തിയത്. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.

Exit mobile version