കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യമാകെ ലേക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനിടെ രാജ്യത്തെ പ്രധാനനഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞു. ഡൽഹി ഉൾപ്പെടെ 90 നഗരങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയത്.
പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇനിയെങ്കിലും പരിസ്ഥിതിയെ തകർക്കുന്ന വികസനപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
കൊറോണ വൈറസ് ബാധയെ തുടർന്നാണ് 130 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. നിലവിൽ ആയിരത്തിലധികം പേരെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അനാവശ്യ യാത്ര ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക് ഡൗണിനു പിന്നാലെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം 30 ശതമാനം കുറഞ്ഞെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് വ്യക്തമാക്കുന്നു. അഹമ്മദാബാദിലും പൂനെയിലും 15 ശതമാനമാണ് മലിനീകരണ തോത് കുറഞ്ഞത്.
ഏറെ ഹാനികരമായ നൈട്രജൻ ഓക്സൈഡിന്റെ തോത് പൂനെയിൽ 43 ശതമാനവും മുംബൈയിൽ 38 ശതമാനവും അഹമ്മദാബാദിൽ 50 ശതമാനവുമാണ് കുറഞ്ഞത്.
സാധാരണഗതിയിൽ മാർച്ച് മാസത്തിൽ 100-200 ആകാറുള്ള മലിനീകരണ സൂചിക ഇക്കുറി 50-100 വരെ അല്ലെങ്കിൽ 0-50 വരെ എന്ന നിലയിലാണെന്ന് കാലാവാസ്ഥാ നിരീക്ഷണ രംഗത്തെ വിദഗ്ധർ പറയുന്നു. ലോക്ക് ഡൗണിനെ തുടർന്ന് വ്യവസായ ശാലകൾ പ്രവർത്തിക്കാത്തതും വാഹനങ്ങൾ നിരത്തിൽ ഇറങ്ങാത്തതുമാണ് മലനീകരണം കുറയാൻ കാരണം.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഇപ്പോൾ “നല്ല” വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലിനീകരണ തോത് കൂടുതലുള്ള കാൺപൂരിൽ “തൃപ്തികരമായ” വിഭാഗത്തിലാണ്. കൂടാതെ, സിപിസിബി മോണിറ്ററിംഗ് സെന്ററുകളുള്ള മറ്റ് 92 നഗരങ്ങളിൽ കുറഞ്ഞ അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയിട്ടുണ്ട്.