കേരള കർണ്ണാടക അതിർത്തിയിലെ തലപ്പാടിയിൽ പോലിസിന്റെ കണ്ണില്ലാത്ത ക്രൂരത. ഗുരുതരാവസ്ഥയിൽ രോഗിയെയും കൊണ്ടുപോയ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന്
ചികിത്സ കിട്ടാതെ രോഗി മരിച്ചു. ഉദ്യാവരെയിലെ 70 വയസുകാരിയായ പാത്തുമ്മയാണ് മരിച്ചത്.
കർണാടക ബി സി റോഡ് സ്വദേശിയായ പാത്തുമ്മയെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ വൈകീട്ടാണ് ചെറുമകളുടെ വീട്ടിൽ നിന്നും മംഗളുരുവിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയത്. എന്നാൽ തലപ്പാടി ടോൾ പ്ലാസയിൽ വാഹനം തടഞ്ഞ കർണ്ണാടക പൊലീസ് ഇവരെ തിരിച്ചു വിട്ടു.
തലപ്പാടി ചെക്ക് പോസ്റ്റിൽ രോഗിയുടെ ഗുരുതരാവസ്ഥ ഡ്രൈവർ ബോധ്യപ്പെടുത്തിയിട്ടും ആംബുലൻസ് കടത്തിവിടാതെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം. വീട്ടിലെത്തിയ പാത്തുമ്മ ഇന്ന് പുലർച്ചയോടെ മരണപ്പെട്ടു. അടിയന്തിര ചികത്സ കിട്ടാത്തതാണ് മരണകാരണം.
ചികിത്സ സൗകര്യം നിഷേധിക്കരുതെന്ന കേരളത്തിന്റെ അഭ്യർത്ഥ അവഗണിച്ചാണ് കർണ്ണടാക പോലീസിന്റെ ഈ കണ്ണില്ലാത്ത ക്രൂരത.
സംഭവം വേദനാജനകമെന്നും കർണാടക ഇനിയെങ്കിലും മനുഷ്യത്വ പരമായി പെരുമാറണമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
കഴിഞ്ഞ ദിവസം തുമിനാട് സ്വദേശി അബ്ദുൽ ഹമീദ് സമാനമായ രീതിയിൽ മരണപ്പെട്ടിരുന്നു. കർണ്ണാടക പോലീസ് തടഞ്ഞതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. അവശ്യ സർവ്വീസെന്ന പരിഗണന പോലും കർണ്ണാടക അധികൃതർ കാട്ടുന്നില്ലെന്നാണ് ആംബുലൻസ് ഡ്രൈവർമാരടക്കം പരാതിപ്പെടുന്നത്.
നിലവിൽ പച്ചക്കറി, അരി, മരുന്ന് തുടങ്ങിയവയുമായെത്തുന്ന വാഹനങ്ങളെ മാത്രമാണ് തലപ്പാടി ചെക്ക് പോസ്റ്റിലൂടെ കടത്തിവിടുന്നുള്ളു. കൂടാതെ മംഗളുരുവിലെ ചില സ്വകാര്യ ആശുപത്രികളിൽ മലയാളികളെ പ്രവേശിപ്പിക്കുന്നുമില്ല.