Site icon Ente Koratty

രാജ്യത്ത് ഇന്ന് രണ്ട് മരണം, രോഗബാധിതരുടെ എണ്ണം 900 ആയി

രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് രണ്ട് പേര്‍ മരിച്ചു. കേരളത്തിന് പുറമേ ഗുജറാത്തിലാണ് കോവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചത്. 46 വയസ്സുള്ള രോഗിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 21 ആയി. രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 900 മായി. കോവിഡ് 19 മൂലം ഗുജറാത്തില്‍ നാലാമത്തെ മരണമാണ് സ്ഥിരീകരിക്കുന്നത്. രണ്ട് മരണം അഹമ്മദാബാദില്‍ നിന്നും ഒരു മരണം സൂറത്തിലെ ഭാവ്നഗറില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കേരളത്തില്‍ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണമാണിത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം. ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് 22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. രാവിലെ എട്ടു മണിയോടെയായിരുന്നു മരണമെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നോഡല്‍ ഓഫിസര്‍ എ. ഫത്താഹുദ്ദീന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അതിനിടെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും വസ്ത്രവും ഉറപ്പാക്കാന്‍ സംവിധാനം ഒരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ദേശീയ ദുരിത നിവാരണ നിധിയിൽ നിന്ന് പണം ചെലവാക്കാന്‍ അനുമതിയായി. സംസ്ഥാനങ്ങൾക്ക് അധികാരം നൽകി നിയമത്തിൽ മാറ്റം വരുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Exit mobile version