Site icon Ente Koratty

കോവിഡ് പടർത്താൻ ആഹ്വാനം ചെയ്ത ഇൻഫോസിസ് ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു∙ ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി ബോധപൂർവം കൊറോണ വൈറസ് പരത്തണമെന്നു സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ടെക്കി അറസ്റ്റിൽ. ഇന്‍ഫോസിസിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദിനെ (25) ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

മുൻകരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19 ബോധപൂർവം പടർത്താൻ ഇയാൾ ആഹ്വാനം ചെയ്തതിനെ തുടർന്ന് മുജീബ് മുഹമ്മദിനെ ജോലിയിൽ നിന്ന് ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു.  ‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം, വൈറസ് പടര്‍ത്താം’ എന്ന വിചിത്ര സന്ദേശത്തിനെതിരെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.

കോവിഡ് 19 നെ പ്രതിരോധിക്കാൻ രാജ്യം സമ്പൂർണമായി അടച്ചിട്ട അവസരത്തിൽ ഇത്തരത്തിലുള്ള പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇൻഫോസിസ് വ്യക്തമാക്കിയിരുന്നു. മുജീബിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബെംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പട്ടീല്‍ അറിയിച്ചു.

Exit mobile version