Site icon Ente Koratty

വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ട് ഇന്ത്യ

കോവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രം ഇന്ത്യ പുറത്തുവിട്ടു. പുനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ റിസേര്‍ച്ചില്‍ പ്രസിദ്ധീകരിച്ചു.

ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ തൊണ്ടയില്‍ നിന്ന് സ്രവമെടുത്ത് പുനെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. കോവിഡ് 19 രോഗത്തിനു കാരണമായ സാർസ് കോവ്-2 വൈറസിന്റെ ജീന്‍ സീക്വന്‍സിങ്ങ് കേരളത്തില്‍ നിന്നുള്ള ഈ സാമ്പിളുകള്‍ ഉപയോഗിച്ചാണ് ആദ്യമായി ഇന്ത്യയില്‍ നടത്തിയത്.

വുഹാനിലെ വൈറസുമായി 99.98 ശതമാനം ഈ വൈറസിന് ചേര്‍ച്ചയുള്ളതായും കണ്ടെത്തിയിരുന്നു. കൊറോണ വൈറസിന്റെ രൂപത്തോട് വളരെയധികം സാദൃശ്യവുമുണ്ട്. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പുനെയിലെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപി വിഭാഗം തലവന്‍ അതാനു ബസു എന്നിവരടങ്ങിയ സംഘമാണ് ഇലക്ട്രോണ്‍ മൈക്രോസ്‌കോപിക് ഇമേജ് വിശദീകരിക്കുന്ന പ്രബന്ധം തയാറാക്കിയത്.

Exit mobile version