Site icon Ente Koratty

റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുത്തനെ കുറച്ചു; വളര്‍ച്ചാ നിരക്ക് പ്രവചനാതീതം, വായ്പകള്‍ക്ക് മൂന്നുമാസം മോറട്ടോറിയം

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരായ പ്രതിരോധത്തിന് കരുത്തുപ കരാന്‍ കരുതല്‍ നടപടികളുമായി റിസര്‍വ് ബാങ്കും. ആര്‍.ബി.ഐ റിപ്പോ, റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ കുത്തനെ കുറച്ചു. റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ 4.40 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 0.75 ശതമാനം (75 ബേസിസ് പോയിന്റ്) കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പ പലിശ നിരക്കില്‍ കാര്യമായ കുറവ് വരും. പുതിയ വായ്പകള്‍ക്കും പലിശ നിരക്ക് കുറയും.

റിവേഴ്‌സ് റിപ്പോ നിരക്ക് 4.90 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി. 0.90 ശതമാനത്തിന്റെ (90 ബേസിസ് പോയിന്റ്) കുറവ്. ബാങ്കുകളുടെ പക്കല്‍ കൂടുതല്‍ പണം എത്തിക്കാനാണ് ഈ നടപടി. കരുതല്‍ ധനാനുപാതത്തില്‍ ഒരു ശതമാനത്തിന്റെ ഇളവ് നല്‍കി മൂന്നു ശതമാനത്തില്‍ എത്തിക്കും.ഇതുവഴി ഒരു ലക്ഷത്തില്‍ 37 കോടി രൂപ ബാങ്കുകളുടെ പക്കല്‍ എത്തും. വായ്പകളുടെ പലിശ നിരക്ക് കുറയുന്നതിനൊപ്പം ബാങ്കുകളിലെ നിക്ഷേപത്തിന്റെ പലിശയും കുറയും.

വായ്പകള്‍ക്ക് മൂന്നു മാസത്തെ മോറട്ടോറിയവും ആര്‍.ബി.ഐ പ്രഖ്യാപിച്ചു. എല്ലാവിധ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഈ ഇളവ്. മൂന്നു മാസത്തേക്ക് തിരിച്ചടവ് വേണ്ട.

രാജ്യത്തിന്റെ നാണ്യപ്പെരുപ്പം സുരക്ഷിതമായ നിലയിലാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. എന്നാല്‍ വളര്‍ച്ചാ നിരക്ക് പ്രവചനാതീതമാണ്. എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ആഗോള തലത്തില്‍ സാമ്പത്തിക അവലോകനം അനിശ്ചിതത്വത്തിലും നെഗറ്റീവുമായിരുക്കുമെന്ന് ഉറപ്പാണ്. ഈ പ്രതിസന്ധിയില്‍ സാമ്പത്തിക സ്ഥിരതയ്ക്കാണ് ആര്‍.ബി.ഐ മുന്‍ഗണന നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആര്‍.ബി.ഐ മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആറില്‍ നാല് അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് നിരക്കുകളിലെ ഇളവ് നടപ്പാക്കുന്നത്. ഇതൊരു അസാധാരണ സാഹചര്യമാണെന്നും അത് മറികടക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Exit mobile version