Site icon Ente Koratty

കൊറോണ പ്രതിരോധം; ജനത കര്‍ഫ്യൂ ഇന്ന്

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനത കര്‍ഫ്യൂ ഇന്ന്. രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. ഈ സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ കഴിയണമെന്നുമാണ് നിര്‍ദേശം.

അവശ്യ സര്‍വീസുകളായ പോലിസ്, മാധ്യമങ്ങള്‍, വൈദ്യസഹായം എന്നിവയെ ജനത കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനത കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ രാജ്യം ഞായറാഴ്ച നിശ്ചലമാകും. അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം മുന്നൂറിനോട് അടുത്തു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്19 ബാധിതരുള്ളത്.

കേരളത്തില്‍ ശനിയാഴ്ച 12 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നുപേര്‍ കണ്ണൂരില്‍ നിന്നുള്ളവരും ആറു പേര്‍ കാസര്‍കോട് നിന്നുളളവരും മൂന്നുപേര്‍ എറണാകുളം സ്വദേശികളുമാണ്. ഇവരെല്ലാവരും ഗള്‍ഫില്‍ നിന്നു വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ 228 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അമ്പത്തിമൂവായിരം കവിഞ്ഞു.


ജനത കര്‍ഫ്യൂ ബാധിക്കുന്നവ
ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ഞായറാഴ്ച രാത്രി പത്തുവരെ പുറപ്പെടേണ്ട യാത്രാതീവണ്ടികള്‍ റദ്ദാക്കി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളുടെ സര്‍വീസ് തടസ്സപ്പെടില്ല.

ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെ ഒരു സ്‌റ്റേഷനില്‍നിന്നും ഒരു പാസഞ്ചര്‍ ട്രെയിനും സര്‍വീസ് നടത്തില്ലെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ നാലുമുതല്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും. ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ ഞായറാഴ്ച പത്തുമണി വരെയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, സെക്കന്ദരാബാദ് എന്നവിടങ്ങളിലെ സബര്‍ബന്‍ ട്രെയിനുകള്‍ ചുരുക്കം സര്‍വീസ് മാത്രമേ നടത്തുകയുള്ളു.

ഞായറാഴ്ച എല്ലാ സര്‍വീസുകളും റദ്ദാക്കുന്നായി ഗോ എയര്‍ വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, മാര്‍ച്ച് 22ന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പ്രൊട്ടക്ട് യുവര്‍ പി.എന്‍.ആര്‍. സ്‌കീം പ്രകാരം അടുത്ത വര്‍ഷം ഏതുദിവസവും യാത്ര നടത്താം. ഇതിന് ചാര്‍ജ് ഈടാക്കുകയില്ലെന്നും ഗോ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച അറുപത് ശതമാനം ആഭ്യന്തരസര്‍വീസുകളേ നടത്തുകയുള്ളൂവെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനിയും അറിയിച്ചിട്ടുണ്ട്.

ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കുറയ്ക്കുമെന്ന് എയര്‍ വിസ്താര വിമാനക്കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. യാത്ര റദ്ദാക്കേണ്ടി വന്നവരുമായി ഉടന്‍ ബന്ധപ്പെടുമെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു.

ഞായറാഴ്ച സര്‍വീസ് നടത്തുകയില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഡി.എം.ആര്‍.സി. തങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുന്നത്. അതേസമയം പബ്ലിക് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോത് അറിയിച്ചു.

ഓല, യൂബര്‍ കമ്പനികള്‍ ഞായറാഴ്ച അവധിയെടുക്കാന്‍ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ പെട്ടുപോയവര്‍ക്ക് സേവനം ലഭ്യമാക്കും.

രാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ, ഡല്‍ഹിയിലെ എല്ലാ ഓട്ടോറിക്ഷാ െ്രെഡവര്‍മാരും ജനതാകര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതായി ഡല്‍ഹി ഓട്ടോറിക്ഷാ സംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി വ്യക്തമാക്കി.

ഞായറാഴ്ച ഡല്‍ഹിയിലെ പതിനഞ്ചുലക്ഷം വ്യാപാരികളും കടകള്‍ അടയ്ക്കും.

നോയിഡ മെട്രോ റെയില്‍ കോര്‍പറേഷന്‍ അക്വാ ലൈന്‍ സര്‍വീസ്, സിറ്റി ബസ് സര്‍വീസ് എന്നിവ ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്.

ഗുജറാത്തില്‍ ഒരു സര്‍ക്കാര്‍ ബസും ഞായറാഴ്ച സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.

ജനത കര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ് സര്‍വീസുകളും മെട്രോ റെയില്‍ സര്‍വീസുകളും ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജനത കര്‍ഫ്യൂവിനോടു പിന്തുണ പ്രഖ്യാപിക്കാന്‍ െ്രെപവറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാരോടും മിനിബസ് ഉടമകളോടും അഭ്യര്‍ഥിച്ചു.

ലഖ്‌നൗ മെട്രോ ഞായറാഴ്ച സര്‍വീസ് നടത്തുകയില്ല.

കര്‍ണാടയിലെ ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സിറ്റിക്കുള്ളലെ സര്‍വീസുകള്‍ പരിമിതപ്പെടുത്തും. പബ്ബുകള്‍, ബാറുകള്‍, മാളുകള്‍, തിയേറ്ററുകള്‍ എന്നിവ അടയ്ക്കും.

Exit mobile version