കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ കണക്കിലെടുത്ത് രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ലെന്ന് റെയില്‍വേ. ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്തുമണിവരെയാണ് നിയന്ത്രണം. മുംബൈ, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലെ സബര്‍ബന്‍ ട്രെയിനുകള്‍ അവശ്യ സര്‍വീസ് മാത്രമേ നടത്തുകയുളളൂവെന്നും റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു.
രാവിലെ ഏഴിന് യാത്ര തുടങ്ങിയ പാസഞ്ചര്‍ തീവണ്ടികളെ, ലക്ഷ്യസ്ഥാനത്ത് എത്തി സര്‍വീസ് നിര്‍ത്താന്‍ അനുവദിക്കും. എന്നാല്‍ യാത്രക്കാരില്ലാത്ത പാസഞ്ചര്‍ തീവണ്ടികള്‍ ആവശ്യമെങ്കില്‍ പാതിവഴിയില്‍ റദ്ദാക്കും. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നി നഗരങ്ങളിലെ സബര്‍ബന്‍ തീവണ്ടികള്‍ പരിമിതമായ നിലയിലെ സര്‍വീസ് നടത്തുകയുളളൂ. അവശ്യ യാത്രകള്‍ നടത്തേണ്ടിവരുന്നവരെ മാത്രം മുന്നില്‍ക്കണ്ടാവും ഞായറാഴ്ച സബര്‍ബന്‍ തീവണ്ടികള്‍ ഓടിക്കുക.
മെയില്‍, എക്സ്പ്രസ് തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. രാവിലെ 4 മണിക്കും രാത്രി പത്തുമണിക്കിടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ലക്ഷ്യസ്ഥാനത്തേയ്ക്ക് സര്‍വീസ് നടത്താന്‍ മാത്രമേ അനുവദിക്കൂ. ഇത്തരം ട്രെയിനുകളിലെ കാറ്ററിങ് സര്‍വീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു. ഫുഡ് പ്ലാസകള്‍, റിഫ്രഷ്മെന്റ് റൂമുകള്‍, ജന്‍ ആഹാര്‍ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടയ്ക്കുമെന്നും ഐആര്‍സിടിസി വൃത്തങ്ങള്‍ പറഞ്ഞു.ട്രെയിന്‍ റദ്ദാക്കിയത് മൂലം റീഫണ്ട് വേണ്ട യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെയുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കണമെന്നും റെയില്‍വേ അറിയിച്ചു.