നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ നാളെ രാവിലെ വെള്ളിയാഴ്ച 5.30 ന് നടപ്പിലാക്കും. നിയമപരമായി പ്രതികള്‍ക്കുണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചുവെന്നാണ് വിചാരണ കോടതിയുടെ നിരീക്ഷണം.
വിവിധ സാധ്യതകളുപയോഗിച്ച് ശിക്ഷ നടപ്പിലാക്കുന്നത് പരമാവധി വൈകിപ്പിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞു. വധശിക്ഷക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും നീട്ടിവെപ്പിക്കുന്നതിനായി പുതിയ വഴികള്‍ തേടുകയാണ് പ്രതികള്‍. അതിന്റെ ഭാഗമായി വിവിധ കോടതികളില്‍ ഹര്‍ജി നല്കി. പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം തവണയും ദയാഹര്‍ജി സമര്‍പ്പിച്ചു. പവന്‍ഗുപ്ത നല്കിയ രണ്ടാം തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി തള്ളിയിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ ഡല്‍ഹിയിലുണ്ടായിരുന്നില്ലെന്ന് കാണിച്ചാണ് മുകേഷ് സിങ് നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞത്.
പ്രതികളിലൊരാളായ അക്ഷയ് സിങിന്റെ ഭാര്യ ബിഹാറിലെ ഔറംബാദ് കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കിയത് മാര്‍ച്ച് 24ലേക്ക് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. ഇത് വിചാരണക്കോടതിയില്‍ ഉന്നയിച്ച് വീണ്ടും സ്റ്റേ വാങ്ങാനുള്ള ശ്രമവും ഉണ്ട്. ചുരുക്കത്തില്‍ ഇന്ന് ഉച്ചക്ക് ശേഷമുള്ള സമയവും രാത്രിയും പ്രതികള്‍ വിവിധ തലത്തില്‍ നടത്തുന്ന നിയമനടപടികള്‍ മറികടന്ന് വേണം വധശിക്ഷ നടപ്പാക്കാന്‍.