ദില്ലി: റെയില്‍വേ, പ്രതിരോധം എന്നിവടങ്ങളിലെ നിക്ഷേപ വളര്‍ച്ച, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വികാരം പുനരുജ്ജീവിപ്പിക്കല്‍ എന്നിവയില്‍ കേന്ദ്ര ബജറ്റ് 2020 ശ്രദ്ധ കേന്ദ്രീകരിക്കാമെങ്കിലും ധനക്കമ്മി ജിഡിപിയുടെ 3.5 ശതമാനത്തിനപ്പുറത്തേക്ക് പോകാതിരിക്കാനുളള ശ്രമം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന. എംകെയ് ഫിനാഷ്യല്സാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വളര്‍ച്ചയെ വീണ്ടും ട്രാക്കിലാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏതാനും മാസങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ, വരാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്ബത്തിക പ്രതിസന്ധികള്‍ കടുത്തതാണെങ്കിലും വലിയ പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റില്‍ ഉണ്ടാകാനാണ് സാധ്യതയെന്നും എംകെയ് അഭിപ്രായപ്പെട്ടു.
വളര്‍ച്ചാ മുരടിപ്പ് മൂലവും വിവിധ മേഖലകളില്‍ സജീവ ശ്രദ്ധ നല്‍കാത്തതിനാലും 2019 -20 സാമ്ബത്തിക വര്‍ഷത്തില്‍ ധനക്കമ്മിയില്‍ 48 ബേസിസ് പോയിന്റ്സിന്റെ ഇടിവുണ്ടായി. 2020 -21 സാമ്ബത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനക്കമ്മി 3.5 ശതമാനമാക്കി നിശ്ചയിക്കാനാണ് സാധ്യത. എങ്കിലും റെയില്‍വേ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ചെലവിടല്‍ വര്‍ധിപ്പിച്ചേക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനും ശ്രമങ്ങളുണ്ടായേക്കും.
ഈ സാമ്ബത്തിക വര്‍ഷം പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ ഇതുവരെ 46,900 കോടി രൂപ മാത്രമാണ് നേടിയെടുക്കാനായത്. അടുത്ത സാമ്ബത്തിക വര്‍ഷം ലക്ഷ്യം ഉയര്‍ത്താനും കര്‍ശനമായി ലക്ഷ്യം നടപ്പാക്കാനും ഉളള ശ്രമങ്ങളും ഉണ്ടായേക്കും.