ന്യൂഡല്‍ഹി: 2018ല്‍ ആദ്യശ്രമം പരാജയപ്പെട്ടതിനുശേഷം എയര്‍ ഇന്ത്യയുടെ വില്പനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ലേലംവിളി തുടങ്ങി. താല്പര്യപത്രം നല്‍കേണ്ട അവസാന തിയതി 2020 മാര്‍ച്ച് 17ആണ്.
2018ല്‍ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 100 ശതമാനം ഓഹരികളുമാണ്. ആരും വാങ്ങാനെത്തിയില്ലെങ്കില്‍ കമ്ബനി പൂട്ടേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗ്രൗണ്ട് ഹാന്ഡ്ലിങ് കമ്ബനിയായ എയര്‍ ഇന്ത്യ-സാറ്റ്സ് എന്നിവയുടെ ഓഹരികളാണ് വില്‍ക്കുന്നത്.
എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവന്‍ ഓഹരികളും സംയുക്തസംരംഭമായ എഐഎസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും വില്‍ക്കുന്നതിനാണ് താല്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്.
എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത 60,074 കോടി രൂപയാണ്. ഇതില്‍ 23,000 കോടിരൂപയുടെ ബാധ്യത ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കേണ്ടിവരും. പ്രതിദിനം 26 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.