പെട്രോൾ, ഡീസൽ, പാചകവാതക ഇന്ധന വില കുതിച്ചുയരുന്നതിനിടെ പൊതുജനങ്ങളാകെ അന്വേഷിക്കുന്നത് എന്ന് മുതൽ രാജ്യത്ത് വില കുറഞ്ഞ് തുടങ്ങുമെന്നാണ്. ഒടുവിൽ അതിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്നെ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ്. ഇന്ധന നികുതി കുറച്ച് എന്നുമുതൽ പെട്രോളിന് വില കുറയുമെന്നതിനെ കുറിച്ച് തനിക്കും വ്യക്തമായി അറിയില്ല എന്നായിരുന്നു ഉന്നത കേന്ദ്രത്തിൽ നിന്നുള്ള പ്രതികരണം !
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ നടന്ന ചർച്ചക്കിടെയാണ് ധനമന്ത്രിയുടെ നിസ്സഹായ മറുപടി ഉണ്ടായത്. ചർച്ച മോഡറേറ്റ് ചെയ്തിരുന്ന വിദ്യാർഥിയാണ് ധനമന്ത്രിയോട് ചോദ്യം ഉന്നയിച്ചത്. എന്നാണ് ഇന്ധന സെസുകൾ കുറച്ച് പെട്രോളിനും ഡീസലിനും വില കുറക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്നായിരുന്നു ചോദ്യം.
എന്നാൽ എന്ന് വില കുറക്കാൻ സാധിക്കുമെന്ന് തനിക്ക് പറയാനാകില്ലെന്നാണ് നിർമലാ സീതാരാമൻ പറഞ്ഞത്. വില വർധനവിൽ താനും ധർമസങ്കടത്തിലാണെന്നും മന്ത്രി ‘ഹാസ്യാത്മകമായി’ കൂട്ടിച്ചേർത്തു.
എന്തായാലും സംഗതി ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രാജ്യത്തെ ധനകാര്യ മന്ത്രിക്ക് പോലും ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ ധരണയില്ലെന്നാണ് ഇതിനോടുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്നുണ്ടായ പ്രതികരണം.
ഇന്ധന വില വര്‍ധന ഒരു കുഴപ്പം പിടിച്ച പ്രശ്നമാണെന്നും കേന്ദ്രത്തിന് മാത്രമായി അതിൽ പരിഹാരം കാണാനാകില്ലെന്നും നേരത്തെ നിര്‍മലാ സീതാരാമന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.