Site icon Ente Koratty

60 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിനേഷന്‍ മാര്‍ച്ച് 1 മുതല്‍

ഇന്ത്യയില്‍ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്നിന് തുടങ്ങും. 60 വയസ്സ് കഴിഞ്ഞവര്‍ക്കാണ് മാര്‍ച്ച് 1 മുതല്‍ കോവിഡ് വാക്സിന്‍ നല്‍കുക. 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കും. രാജ്യത്താകെ 10000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിന്‍ ലഭ്യമാക്കുക.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കും. സ്വകാര്യ കേന്ദ്രങ്ങളില്‍ പണം നല്‍കി കുത്തിവെപ്പ് എടുക്കാം. സ്വകാര്യ കേന്ദ്രങ്ങളിലെ നിരക്ക് എത്രയായിരിക്കുമെന്ന് ഉടന്‍ തീരുമാനിക്കുമെന്ന് മന്ത്രി പ്രകാശ് ജാവ്ദേകര്‍ അറിയിച്ചു. 27 കോടി പേര്‍ക്ക് ഈ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

അതിനിടെ കോവിഡ് വ്യാപനം കൂടുതലുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version