തുടർച്ചയായുള്ള ഇന്ധന വിലവർധയിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. ജനങ്ങളുടെ ദുരിതത്തിൽ നിന്നും കേന്ദ്ര സർക്കാർ ലാഭമുണ്ടാക്കാനാണ് നോക്കുന്നതെന്ന് കത്തിൽ സോണിയ പറയുന്നു.
“ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം ഉയർന്നാണ് ഇന്ധന വില. രാജ്യത്തിൻറെ പല ഭാഗത്തും പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്നു. ഡീസലിന്റെ തുടരെ ഉയരുന്ന വില കർഷകരുടെ ദുരിതം വർധിപ്പിക്കുന്നു. ” – കത്തിൽ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില മിതമായി തുടരുമ്പോഴാണ് വിലവർധനയെന്നും സോണിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
കോൺഗ്രസ് ഭരണകാലത്തിന്റെ പകുതി മാത്രമാണ് ഇപ്പോൾ ക്രൂഡ് ഓയിൽ വിലയെന്നു അവർ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ പന്ത്രണ്ട് ദിവസം പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. രാജ്യത്ത് വർധിച്ചു വരുന്ന തൊഴിലില്ലായ്മയെ കുറിച്ചും സോണിയ കത്തിൽ പരാമർശിക്കുന്നു. സാധാരണക്കാരെ ഇത് സാരമായി ബാധിക്കുമെന്നും സോണിയ പറഞ്ഞു.
“പെട്രോളിനും ഡീസലിനും മേൽ അമിതമായ എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നതിൽ താങ്കളുടെ സർക്കാർ അമിതാവേശം കാണിക്കുകയാണ്. ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും മേൽ മുപ്പത്തിരണ്ട് രൂപയാണ് എക്സൈസ് ഡ്യൂട്ടി. ഇത് പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാൾ കൂടുതലാണ്. ഇത് സാമ്പത്തിക പിടിപ്പുകേടിനു മറയിടാനുള്ള പകൽകൊള്ളയാണ്” അവർ പറഞ്ഞു. എക്സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വില കുറക്കാൻ അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.