Site icon Ente Koratty

നാളെ മുതല്‍ രാജ്യത്ത് ഫാസ്ടാഗ് നിര്‍ബന്ധം; ഫാസ്ടാഗില്ലാത്തവര്‍ക്ക് ഇരട്ടി തുക പിഴ

തിങ്കളാഴ്ച മുതൽ‌ രാജ്യത്ത് ഫാസ്ടാഗുകൾ‌ നിർബന്ധമാകും. പുതിയ മാർ‌ഗനിർ‌ദ്ദേശങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര നീക്കം. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ഫാസ്ടാഗ് നിർബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി പിന്നീട് നീട്ടുകയായിരുന്നു. എന്നാല്‍ ഇനിയും സമയപരിധിയില്‍ വിട്ടുവീഴ്ച നല്‍കില്ലെന്നും ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമായിരിക്കും എന്നും കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

എത്രയാണോ ടോള്‍ തുക അടക്കേണ്ടത് അതിന്‍റെ ഇരട്ടി തുക ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പിഴയായി നല്‍കേണ്ടി വരും. നിലവിൽ, ദേശീയപാതകളിലെ ടോൾ പ്ലാസകളിലെ ഒരു പാത ഒഴികെയുള്ളവയെല്ലാം ഫാസ്റ്റ് ടാഗ് പാതകളാക്കി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് പാതയിലേക്ക് പ്രവേശിക്കുന്ന പക്ഷം ടോൾ തുകയുടെ ഇരട്ടി പിഴയായി നൽകണമെന്നാണ് നിലവിലെ ചട്ടം. എന്നിരുന്നാലും, പണമടച്ച് യാത്ര ചെയ്യുന്നതിനായി ഒരു പാതയും നീക്കിവെച്ചിട്ടുണ്ട്. പക്ഷേ, പുതിയ പരിഷ്കാരത്തോടെ ഫെബ്രുവരി 15 മുതൽ ഇത് ഒഴിവാക്കാനാണ് സർക്കാർ നീക്കം.

Exit mobile version