Site icon Ente Koratty

മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇനി മുതൽ 75,000 രൂപ പിഴയും; അഞ്ച് വർഷത്തെ കഠിനതടവും – പുതിയ നിയമവുമായി സർക്കാർ

ന്യൂഡൽഹി: മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താൽ ഇനി മുതൽ 50 രൂപ പിഴ അടച്ചാൽ മതിയാവില്ല. അറുപതു വർഷം പഴക്കമുള്ള മൃഗങ്ങൾക്ക് എതിരെയുള്ള ക്രൂരത തടയുന്ന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ കരടു നിയമ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഒരു മൃഗത്തിന്റെ മരണത്തിന് കാരണമായാൽ 75,000 രൂപയോ അല്ലെങ്കിൽ മൃഗത്തിന്റെ വിലയുടെ മൂന്നിരട്ടിയോ പിഴയും, കൂടാതെ, അഞ്ച് വർഷം കഠിന തടവും അല്ലെങ്കിൽ ഇവ രണ്ടും അനുഭവിക്കേണ്ടതായി വരും.

പുതിയ കരടു നിയമ പ്രകാരം അതിക്രമങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു: നിസ്സാരമായ മുറിവ്, സ്ഥിര വൈകല്യത്തിന് കാരണമായ മുറിവ്, ക്രൂരമായ മർദ്ദനം കാരണം കൊല്ലപ്പെടൽ. മേൽപറഞ്ഞ ഓരോരോ അതിക്രമങ്ങൾക്കും 750 മുതൽ 75000 രൂപ വരെ പിഴയും കൂടാതെ അഞ്ചു വർഷം കഠിന തടവും ഏർപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്നു.

ഇപ്പോൾ നില നിൽക്കുന്ന നിയമപ്രകാരം ഒരു മൃഗത്തെ അടിക്കുക, തൊഴിക്കുക, പീഡിപ്പിക്കുക, പട്ടിണിക്കിടുക, അമിത ഭാരം എടുപ്പിക്കുക, അമിതമായി സവാരിക്ക് ഉപയോഗിക്കുക, അംഗഛേദം ഇവ ഏതെങ്കിലും ചെയ്യുക വഴി 10 മുതൽ 50 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. ഈ നിയമത്തിൽ അതിക്രമണങ്ങളെ വിവിധങ്ങളായി തരം തിരിച്ചിട്ടില്ല. നിലവിലെ നിയമപ്രകാരം ഒരു മൃഗത്തെ നിർവചിച്ചത് മനുഷ്യൻ ഉൾപ്പെടാത്ത ജീവികൾ എന്നാണ്.

വെള്ളിയാഴ്ച രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മത്സ്യബന്ധന മൃഗ വളർത്തു കാര്യ മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞത് ഇങ്ങനെ, “കർശനമായ പിഴയോട് കൂടി PCA, 1960 ഭേദഗതി ചെയ്യുന്നതിന്റെ ആവശ്യകത സർക്കാർ അംഗീകരിച്ചിരിക്കുന്നു. പിഴ വർദ്ധനവും ശിക്ഷ നടപടികളും ഉൾപ്പെടുത്തിയാണ് ഇത് ഭേദഗതി ചെയ്തിട്ടുള്ളത്”.

എന്നാൽ, മന്ത്രി പിഴയെ കുറിച്ചോ ഏത് തരം ശിക്ഷ ആണെന്നോ വിശദീകരിച്ചില്ല. കഴിഞ്ഞ വർഷം സൈലന്റ് വാലി ഫോറസ്റ്റിൽ വച്ച് കൈതച്ചക്കയിൽ ഗുരുതരമായ പടക്കം വച്ച് ആനയുടെ വായിൽ പൊള്ളലേൽക്കുകയും അത് മൂലം ആന ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ ചൂണ്ടിക്കാട്ടി രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖർ ആണ് ചോദ്യം ഉന്നയിച്ചത്.

പുതിയ കരടു നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി പൊതുജന സമക്ഷം സമർപ്പിക്കുകയും, വിദഗ്ധ അഭിപ്രായങ്ങൾ ആരായുകയും ചെയ്യും. അവ വിലയിരുത്തിയ ശേഷമായിരിക്കും നിയമം പ്രാബാല്യത്തിൽ വരുത്തുക.

നിലവിൽ, രാജ്യത്ത് 316 മൃഗങ്ങൾക്കെതിരെ ക്രൂരത കാണിച്ച കേസുകൾ നില നിൽക്കുന്നുണ്ടെന്നും രാജ്യസഭയെ മന്ത്രി അറിയിച്ചു. ഇതിൽ 64 കേസുകൾ സുപ്രീം കോടതിയിലും 38 കേസുകൾ ഡൽഹി ഹോക്കോടതിയിലും പെന്റിംഗ് ആണ്. അതേസമയം, മഹാരാഷ്ട്രയിലും തമിഴ് നാട്ടിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്.

Exit mobile version