Site icon Ente Koratty

ഡല്‍ഹിയിലെ കര്‍ഷകര്‍ക്ക് ഏഴു ലക്ഷം രൂപ സംഭാവന നല്‍കി അമേരിക്കന്‍ സ്‌പോര്‍ട്‌സ് താരം

ഡല്‍ഹിയിലെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സഹായവുമായി അമേരിക്കന്‍ വൈഡ് ഫുട്‌ബോള്‍ താരം ജുജു സ്മിത്ത് സച്ച്‌സ്‌റ്റെര്‍. കര്‍ഷകരുടെ വൈദ്യസഹായത്തിനായി 10000 ഡോളര്‍ ആണ് താരം സംഭാവന നല്‍കിയത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏഴ് ലക്ഷത്തിലേറെ രൂപ വരുമിത്.

ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജുജു സ്മിത്ത് ട്വീറ്റ് ചെയ്തു. ഡല്‍ഹിയിലെ കൊടും തണുപ്പിലാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. പ്രക്ഷോഭം തുടങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 60ന് മുകളില്‍ കര്‍ഷകരാണ് തലസ്ഥാനത്ത് കൊല്ലപ്പെട്ടത്.

പോപ് താരം രിഹാനയും കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ രംഗത്തുവരികയായിരുന്നു. കായിക രംഗത്ത് നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ആര്‍.പി സിംഗ്, അനില്‍ കുംബ്ല, ഗൌതം ഗംഭീര്‍, പി.ടി ഉഷ, സിനിമാ രംഗത്ത് നിന്നും കങ്കണ റണാവത്ത്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരണ്‍ ജോഹര്‍ എന്നിവരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധിച്ച് രംഗത്തുവന്നത്.

അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുന്‍പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യാ മന്ത്രാലയം ആവശ്യപ്പെട്ടു.

Exit mobile version