Site icon Ente Koratty

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഒക്ടോബറോടെ; നോവൊ വാക്സുമായി ചേർന്നുള്ള വാക്സിന്‍ ജൂണില്‍

അമേരിക്കൻ കമ്പനി നോവൊ വാക്സുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ജൂണിൽ വിതരണത്തിന് തയ്യാറാകുമെന്ന് പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.സി നമ്പ്യാർ. ജനിതകമാറ്റം വന്ന വൈറസുകൾക്കും വാക്സിൻ ഫലപ്രദമാകും. കുട്ടികൾക്കുള്ള വാക്സിൻ ഒക്ടോബറോടെയെത്തുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

കോവിഡ് പ്രതിരോധ വാക്സിനായ കൊവീഷീൽഡ് വിതരണത്തിന് പിന്നാലെയാണ് അമേരിക്കൻ കമ്പനി നോവൊ വാക്സുമായി ചേർന്ന് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ വാക്സിൻ വിതരണത്തിന് എത്തിക്കുന്നത്. വാണിജ്യ അടിസ്ഥാനത്തിലുള്ള വിതരണത്തിന് കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ വാക്സിൻ ഉൽപ്പാദനം ഇരട്ടിയാക്കാനാണ് തീരുമാനം. ജനിതക മാറ്റം വന്ന വൈറസുകൾക്കും വാക്സിൻ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ. കോവിഡ് ബാധ കൂടുതലുള്ള ഇടങ്ങളിൽ വിൽപ്പന വർധിപ്പിക്കാനാണ് പദ്ധതി.

നോവാവാക്സിന്‍റെ കോവിഡ് വാക്സിൻ അമേരിക്കയിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 89.3 ശതമാനം ഫലപ്രാപ്തി കാണിച്ചിരുന്നു. ജനുവരി 16 മുതൽ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് ആരംഭിച്ചിരുന്നു. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ എന്നിവയ്ക്കാണ് സർക്കാർ അനുമതി നൽകിയത്.

Exit mobile version