Site icon Ente Koratty

ഭർത്താവിനെ കൊന്നാൽ പോലും ആ സ്ത്രീക്ക് കുടുംബ പെൻഷന് അവകാശമുണ്ടെന്ന് കോടതി

ചണ്ഡിഗഡ്: ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് പഞ്ചാബ് – ഹരിയാന കോടതി. ഭർത്താവിനെ കൊന്നാൽ പോലും ആ സ്ത്രീക്ക് കുടുംബ പെൻഷന് അവകാശമുണ്ടെന്നതാണ് ശ്രദ്ധേയ വിധി. ജനുവരി 25ന് പരിഗണിച്ച കേസിലാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

സർക്കാർ ജീവനക്കാരൻ മരണമടഞ്ഞാൽ അയാളുടെ കുടുംബത്തിനുള്ള സാമ്പത്തിക സഹായം എന്ന നിലയിലുള്ള ക്ഷേമ പദ്ധതിയാണ് കുടുംബ പെൻഷൻ എന്നും ഇത് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പോലും ഭാര്യയ്ക്ക് അർഹതപ്പെട്ടതാണെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ പോലും അവർക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.

ഹരിയാന സർക്കാർ ജീവനക്കാരൻ ആയിരുന്ന തർസേം സിങ് 2008ൽ മരണപ്പെട്ടിരുന്നു. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയായ ബൽജീത്ത് കൗറിന് എതിരെ കൊലക്കേസ് ചുമത്തിയിരുന്നു. കൊലക്കേസ് ചുമത്തിയതിനൊപ്പം 2011ൽ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഭർത്താവിന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ടതോടെ ഭാര്യ ബൽജീത്ത് കൗറിന് നൽകി വന്നിരുന്ന കുടുംബ പെൻഷൻ ഹരിയാന സർക്കാർ നിർത്തലാക്കി.

ഇതിനെതിരെ ആണ് ബൽജീത്ത് കൗർ കോടതിയെ സമർപ്പിച്ചത്. ബൽജീത്ത് കൗറിന്റെ ഹർജി പരിഗണിച്ച് പഞ്ചാബ് – ഹരിയാന കോടതി സർക്കാരിന്റെ തീരുമാനം റദ്ദു ചെയ്യുകയായിരുന്നു. കുടിശ്ശിക ഉൾപ്പെടെ രണ്ട് മാസത്തിനുള്ളിൽ പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പിനോട് കോടതി ഉത്തരവിട്ടു.

1972ലെ സി സി എസ് പെൻഷൻ റൂൾ അനുസരിച്ച് വിധവകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധവ സർക്കാർ ഉദ്യോഗസ്ഥ ആണെങ്കിലും വീണ്ടും വിവാഹിത ആയാലും ഈ അവകാശം നിഷേധിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു.

Exit mobile version