Site icon Ente Koratty

പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറച്ച് രാജസ്ഥാൻ സർക്കാർ

പെട്രോൾ, ഡീസൽ എന്നിവയുടെ മേലുള്ള രണ്ടു ശതമാനം മൂല്യ വർധിത നികുതി ഒഴിവാക്കി രാജസ്ഥാൻ സർക്കാർ. ദിനംപ്രതി കൂടുന്ന ഇന്ധന വിലയിൽ ജനങ്ങൾക്ക് ആശ്വാസമായാണ് രാജസ്ഥാൻ സർക്കാരിന്റെ പുതിയ നീക്കം.

വ്യാഴാഴ്ച അർധരാത്രി മുതൽ നികുതിയിളവ് പ്രാബല്യത്തിൽ വന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞിട്ടും ഇന്ധന വില ക്രമാതീതമായി വർധിക്കുന്നത് സാധാരണക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

രാജസ്ഥാനിലെ ശ്രീഗംഗാനഗർ നഗരത്തിൽ പ്രീമിയം പെട്രോളിന് വില നൂറു രൂപ കടന്നു. സംസ്ഥാന നികുതികളും മൂല്യ വർധിത നികുതികളും അനുസരിച്ചു ഓരോ സംസ്ഥാനങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും.

കേന്ദ്ര സർക്കാർ അനിയന്ത്രിതമായി പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് ഡൂട്ടി വർധിപ്പിക്കുന്നതായി ഗെഹ്‌ലോട്ട് ആരോപിച്ചു. പെട്രോളിന് എക്സൈസ് ഡൂട്ടി എട്ടു രൂപയിൽ നിന്ന് പതിനെട്ട് രൂപയാക്കിയും ഡീസലിന്മേലുള്ളത് പൂജ്യത്തിൽ നിന്നും ഒൻപത് രൂപയും ആക്കി. കേന്ദ്രത്തിന്റെ ഈ നിലപാട് കാരണം സംസ്ഥാനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version