Site icon Ente Koratty

‘കാര്‍ഷിക നിയമത്തെ പിന്തുണക്കുന്നു’; മലക്കം മറിഞ്ഞ് അണ്ണാ ഹസാരെ

കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ നടത്താനിരുന്ന സത്യഗ്രഹം പിന്‍വലിക്കുന്നതായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്‍റെ സാന്നിധ്യത്തിലാണ് ഹസാരെ നിരാഹാര സത്യഗ്രഹ സമരം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്.

‘വിവിധ വിഷയങ്ങളില്‍ കാലങ്ങളായി ഞാന്‍ സമരം ചെയ്യുന്നു. സമാധാനപരമായി സമരം ചെയ്യുക എന്നത് ഒരു കുറ്റമല്ല, കഴിഞ്ഞ മൂന്ന് വർഷമായി കര്‍ഷകരുടെ വിഷയം ഉന്നയിക്കുന്നു. വിളകള്‍ക്ക് യഥാർത്ഥ വില ലഭിക്കാതെ കർഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അന്‍പത് ശതമാനം താങ്ങുവില ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് അതിന്‍റെ കത്ത് ലഭിച്ചു’; ഹസാരെ എന്‍.ഡി.ടി.വിയോട് പറഞ്ഞു. കേന്ദ്രം താന്‍ പറഞ്ഞ കര്‍ഷകരുടെ 15 ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് അറിയിച്ച സ്ഥിതിക്ക് സത്യഗ്രഹം പിന്‍വലിക്കുന്നതായി അണ്ണാ ഹസാരെ അറിയിച്ചു.

മഹാത്മ ഗാന്ധിയുടെ ചരമദിനമായ നാളെ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ യാദവ്ബാബ ക്ഷേത്രത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ഹസാരെ ആരംഭിക്കാനിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുകയാണെന്നും കർഷകരുടെ വിഷയത്തിൽ സർക്കാർ ശരിയായ തീരുമാനമെടുക്കുന്നില്ലെന്നും അണ്ണാ ഹസാരെ നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും പക്ഷേ ശരിയായ പ്രശ്ന പരിഹാരത്തില്‍ എത്തിചേരുന്നില്ലെന്നും അദ്ദേഹം ആദ്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

2010-2013 കാലഘട്ടത്തില്‍ യു.പി.എ സര്‍ക്കാരിനെതിരായ അഴിമതി വിരുദ്ധ ഉപവാസ സമരത്തിലൂടെയാണ് അണ്ണാ ഹസാരെ ശ്രദ്ധേയനാകുന്നത്. അണ്ണാ ഹസാരെയുടെ സമരം പിന്നീട് നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായകമായി.

Exit mobile version