കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ടു കർഷക സംഘടനകൾ. രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘട്ടൻ, ഭാരതീയ കിസാൻ യൂണിയൻ എന്നീ സംഘടനകളാണ് ഡൽഹി അതിർത്തികളിൽ തുടർന്നു വരുന്ന കർഷക സമരത്തിൽ നിന്നും തങ്ങൾ പിന്മാറുന്നതായി സംഘടനാ നേതാക്കൾ അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ നടന്ന കിസാൻ പരേഡിനിടെയുണ്ടായ അക്രമങ്ങളെ ഇരു സംഘടനാ നേതാക്കളും അപലപിച്ചു.
സമരത്തിന്റെ രീതിയുമായി തങ്ങൾക്ക് ഒത്തുപോകാൻ കഴിയാത്തത് കൊണ്ട് തങ്ങൾ സമരത്തിൽ നിന്നും പിന്മാറുന്നതായി രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘട്ടൻ നേതാവ് വി.എം സിംഗ് പറഞ്ഞു.
“ഈ സമരത്തിൽ നിന്നും ഞങ്ങൾ പിന്മാറുന്നുവെങ്കിലും കർഷരുടെ അവകാശങ്ങൾക്കായുള്ള ഞങ്ങളുടെ പോരാട്ടങ്ങൾ തുടരും. ” – അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ തന്റെ സംഘടനക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമങ്ങളിൽ ഏറെ വേദനിക്കുന്നതായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് താക്കൂർ ഭാനു പ്രതാപ് സിംഗ് പറഞ്ഞു.