പഞ്ചാബില്‍ നിന്നുള്ള കര്ഷകന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ഹര്‍പ്രീത് സിങ് എന്ന കര്‍ഷകനാണ് ഹീര ബെന്നിന് കത്തയച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് മോദിയോട് ആവശ്യപ്പെടണമെന്നാണ് കത്തിലെ ആവശ്യം.
കത്തിന്റെ ഉള്ളടക്കം
ഞാൻ ഈ കത്ത് എഴുതുന്നത് ഹൃദയ വേദനയോടെയാണ്. നിങ്ങൾക്കറിയാവുന്നത് പോലെ രാജ്യത്തിനും ലോകത്തിനും അന്നം നല്കുന്ന കര്‍ഷകര്‍ ഈ അതിശൈത്യത്തിലും ഡല്‍ഹിയില്‍ റോഡരികിലാണ് ഉറങ്ങുന്നത്. അവരില്‍ 90-95 വയസ്സുള്ള വൃദ്ധരും കുട്ടികളും സ്ത്രീകളുമുണ്ട്. അതിശൈത്യം അവരെ രോഗികളാക്കുന്നു. അവർ രക്തസാക്ഷിത്വം വരിക്കുന്നു. ഇത് നമ്മളെയെല്ലാം ആശങ്കയിലാക്കുന്നു. എല്ലാത്തിനും കാരണം അദാനി, അംബാനി, മറ്റ് കോർപറേറ്റുകള്‍ എന്നിവരുടെ നിർദേശ പ്രകാരം പാസാക്കിയ മൂന്ന് കരിനിയമങ്ങളാണ്. ഒരുപാട് പ്രതീക്ഷയോടെയാണ് നിങ്ങള്‍ക്ക് ഞാന്‍ ഈ കത്ത് എഴുതുന്നത്. നിങ്ങളുടെ മകന് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അദ്ദേഹം പാസ്സാക്കിയ നിയമങ്ങള്‍ അദ്ദേഹത്തിന് റദ്ദാക്കാനാകും. കര്‍ഷകരെ കേള്‍ക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടാല്‍ രാജ്യം മുഴുവന്‍ അമ്മയോട് കടപ്പെട്ടിരിക്കും.
നവംബർ 28 മുതൽ കർഷകർ ഡൽഹി അതിർത്തികളിൽ സമരത്തിലാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. സമരത്തിനിടെ 75 കര്‍ഷകരുടെ ജീവന് പൊലിഞ്ഞു. റിപബ്ലിക്ക് ദിനത്തിൽ കർഷകർ ഡൽഹിയിൽ നടത്തുന്ന കിസാൻ പരേഡിൽ രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ അണിനിരക്കും.