Site icon Ente Koratty

കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പ്; 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രണ്ട് ദിവസമായി നടക്കുന്ന കൊവിഡ് വാക്‌സിൻ കുത്തിവയ്പ്പിൽ 447 പേർക്ക് നേരിയ പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം, ആരോഗ്യപ്രസശ്‌നങ്ങൾ പ്രകടിപ്പിച്ച മൂന്ന് പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ അറിയിച്ചു. ഇതിൽ രണ്ട് പേർ നിലവിൽ ആശുപത്രി വിട്ടതായും എയിംസിൽ ചികിത്സയിലിരിക്കുന്ന ഒരാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയ പ്രതിനിധികൾ വ്യക്തമാക്കി.

പനി, തലവേദന, ഓക്കാനം എന്നീ ചെറിയ അസ്വസ്ഥതകളാണ് അധികവും റിപ്പോർട്ട് ചെയ്തത്. ആഴ്ചയിൽ നാല് ദിവസം വാക്സിൻ കുത്തിവെയ്പ്പെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസം വാക്സിനേഷൻ നടത്താൻ ആന്ധ്രാ പ്രദേശ് സർക്കാർ അനുമതി തേടിയതായി ആരോഗ്യമന്ത്രാലയ അഡീഷണൽ സെക്രട്ടറി ഡോ. മനോഹർ അഗ്‌നാനി പറഞ്ഞു.

രാജ്യത്ത് 2,24,301 പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. യു.എസ്., യു.കെ., ഫ്രാൻസ് എന്നീ രാജ്യങ്ങളെ പിന്നിലാക്കി ലോകത്ത് പ്രതിദിനം ഏറ്റവും കൂടുതൽ പേർ വാക്സിൻ കുത്തിവയ്പ്പ് എടുത്തതും ഇന്ത്യയിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

FacebookTwitterWhatsAppLinkedInShare
Exit mobile version