ന്യൂഡൽഹി: സിഗരറ്റ് ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ് ആയി ഉയർത്താൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. പുകയില നിരോധന നിയമ ഭേദഗതി 2020-ന്റെ കരട് റിപ്പോർട്ടിലാണ് ഈ ശുപാർശയുള്ളത്. കൂടാതെ സിഗരറ്റ് ചില്ലറയായി വിൽക്കുന്നതും നിരോധിക്കും.
നിലവിൽ 18 വയസാണ് സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി. ഇതാണ് 21 വയസായി ഉയർത്തുന്നത്. സിഗരറ്റും മറ്റ് പുകയില ഉൽപന്നങ്ങളും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധനം) ഭേദഗതി നിയമം, 2020-ന്റെ കരടാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.
റെസ്റ്റോറന്റുകളിലും വിമാനത്താവളങ്ങളിലും നിയുക്ത പുകവലി മുറികൾക്ക് നിരോധനം ഏർപ്പെടുത്തുന്നുവെന്നും പൊതു സ്ഥലങ്ങളിൽ നിയമങ്ങൾ ലംഘിച്ചതിന് പിഴ വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭേദഗതി അനുസരിച്ച്, “ഒരു വ്യക്തിയും സിഗരറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും പുകയില ഉൽപന്നങ്ങൾ ഇരുപത്തിയൊന്ന് വയസ്സിന് താഴെയുള്ള ഏതെങ്കിലും വ്യക്തിക്ക് അല്ലെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറ് മീറ്റർ ചുറ്റളവിൽ വിൽക്കാൻ പാടുള്ളതല്ല. ”
സെക്ഷൻ 7 ഭേദഗതി ചെയ്തുകൊണ്ട് ഇങ്ങനെ പറയുന്നു, “ഒരു സിഗരറ്റിലോ മറ്റേതെങ്കിലും പുകയില ഉൽപന്നത്തിലോ ഉള്ള വ്യാപാരവും വാണിജ്യവും മുദ്രയിട്ടതും കേടുപാടുകൾ സംഭവിക്കാത്തതുമായ യഥാർത്ഥ പാക്കറ്റുകളിലുമായിരിക്കണം”. അതായത് കവർ പൊട്ടിച്ചു ചില്ലറയായി സിഗരറ്റ് വിൽക്കാൻ പാടില്ലെന്നും നിർദേശിക്കുന്നു.
നിർദിഷ്ട പ്രായപരിധിയിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനുള്ള പിഴ രണ്ട് വർഷം തടവും 1,000 രൂപ പിഴ എന്നതിൽനിന്ന് ഏഴ് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും വർദ്ധിപ്പിക്കാനും സർക്കാർ കരട് ബില്ലിൽ നിർദേശിക്കുന്നു.