ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഞായറാഴ്ച നടന്ന സംഭവത്തിന് സാക്ഷ്യം വഹിച്ച എല്ലാവരുടെയും കണ്ണ് നിറഞ്ഞു. പോലീസ് സേനയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന അച്ഛനും മകളും എന്ന പ്രത്യേകത മാത്രമല്ല. ഹൃദയസ്പർശിയായ ഒരു സംഭവത്തിന് കൂടിയാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്.
ഗുണ്ടൂർ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DSP) ആയി നിയമിതയായ മകൾ ജെസ്സി പ്രസന്തിക്ക് അച്ഛനായ സർക്കിൾ ഇൻസ്പെക്ടർ വൈ ശ്യാം സുന്ദർ സലൂട്ട് ചെയ്യുന്നത് കണ്ട് എല്ലാവരും ഒരുനിമിഷം നോക്കി നിന്നു. ജനുവരി 4 മുതൽ 7 വരെ തിരുപ്പതിയിൽ നടക്കുന്ന ‘ഇഗ്നൈറ്റ്’ എന്ന പോലീസ് ഡ്യൂട്ടി മീറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും.
“ഞങ്ങൾ ആദ്യമായാണ് ഡ്യൂട്ടിയിൽ കണ്ടുമുട്ടുന്നത്. അച്ഛൻ എന്നെ സലൂട്ട് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല, എല്ലാത്തിനുമുപരി അദ്ദേഹം എന്റെ അച്ഛനാണ്. എന്നെ സലൂട്ട് ചെയ്യരുതെന്ന് അച്ഛനോട് ആവശ്യപ്പെട്ടതാണ്, പക്ഷേ അത് സംഭവിച്ചു. ഞാനും സല്യൂട്ട് മടക്കി നൽകി, ” ഗുണ്ടൂർ ഡിഎസ്പി ജെസ്സി പ്രസന്തി പറഞ്ഞു.
2018 ബാച്ചിൽ നിന്നുള്ള ജെസ്സി ഡിപ്പാർട്ട്മെന്റിൽ ചേർന്നതിനു ശേഷം ആദ്യമായാണ് ഡ്യൂട്ടിയിലായിരിക്കുമ്പോൾ പിതാവിനെ മുഖാമുഖം കാണുന്നത്. “എന്റെ പിതാവാണ് എന്റെ പ്രധാന പ്രചോദനം. അദ്ദേഹം നിരന്തരം ജനങ്ങളെ സേവിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. തനിക്ക് കഴിയുന്ന വിധത്തിൽ അദ്ദേഹം നിരവധി ആളുകളെ സഹായിച്ചിട്ടുണ്ട്. അതാണ് എന്നെ ഈ വകുപ്പ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. ”ഡിഎസ്പി പങ്കുവെച്ചു.